ഹെൽസിങ്കി: വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ഫോൺ ഉപയോഗിക്കുന്നത് നിയമപരമായി നിരോധിച്ച് ഫിൻലാൻഡ്. ഫിന്നിഷ് പാർലമെന്റ് സ്‌കൂളുകളിൽ ഫോൺ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. ഏപ്രിൽ 29 ന് അംഗീകരിച്ച ഈ നിയമം 2025 ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തുടനീളമുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്ക് ഇത് ബാധകമാകും.
ഫിൻലാൻഡ് ഇപ്പോഴും വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് ഫോൺ കൊണ്ടുവരാൻ അനുവദിക്കുന്നുണ്ട്. പക്ഷേ ക്ലാസ് സമയത്ത് അവ ബാഗുകളിൽ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ അടിയന്തരഘട്ടങ്ങളിലോ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കോ പ്രത്യേക അനുമതിയോടെ ഫോൺ ഉപയോഗിക്കാവുന്നതാണ്.
ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ ഫോൺ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ, മൊബൈൽ ഫോണുകൾ കണ്ടുകെട്ടാനുള്ള അധികാരവും സ്കൂൾ ജീവനക്കാർക്ക് നിയമം നൽകുന്നു. അതേസമയം, സ്കൂൾ ദിവസം മുഴുവൻ ഡിജിറ്റൽ ഉപകരണങ്ങൾ എപ്പോൾ, എങ്ങനെ ഉപയോഗിക്കാമെന്നും സൂക്ഷിക്കാമെന്നും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ഫിന്നിഷ് സർക്കാർ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.