ശ്രീനഗർ: ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്‌ക്ക് സമീപം വീണ്ടും പാക് പ്രകോപനം. കുപ് വാര, അഖ്നൂർ, ഉറി എന്നിവിടങ്ങളിൽ തുടർച്ചയായി വെടിവയ്പ്പുണ്ടായി. പാകിസ്താൻ സൈന്യത്തിന്റെ പ്രകോപനപരമായ വെടിവയ്പ്പിൽ അതേ നാണയത്തിൽ കൂടുതൽ ശക്തമായി ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വെടിവയ്പ്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ചെറിയ തോക്കുകൾ ഉപയോഗിച്ച് പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. പാകിസ്താന്റെ പ്രകോപനത്തിനെതിരെ ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസം കനത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷവും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്.
അതേസമയം, ലോകരാജ്യങ്ങളുടെ പ്രീതി പിടിച്ചുപറ്റുന്നതിനായി ഇന്ത്യയെയാണ് പാകിസ്താൻ പഴിചാരുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്നാണ് വെടിവയ്പ്പുണ്ടാകുന്നത് എന്നാണ് പാകിസ്താൻ ലോകരാജ്യങ്ങളോട് വിളിച്ചുപറയുന്നത്. ഇന്ത്യ-പാക് അതിർത്തിയിലെ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ആശങ്ക അറിയിച്ചിരുന്നു.
അന്വേഷണവുമായി സഹകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക നിർദേശിച്ചു. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന് യുഎസ് വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്നപരിഹാരം വേണമെന്നും സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും അമേരിക്ക ആവശ്യപ്പെട്ടു.