തിരുവനന്തപുരം: വേടനെതിരായ പുലിപ്പല്ല് കേസിലെ നടപടികളിൽ നിന്ന് പിന്മാറി വനംവകുപ്പ്. കേസ് എടുത്തതിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്റെ പ്രഖ്യാപനം.
വേടന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയ പൊലീസ് കഞ്ചാവ് കണ്ടെത്തിയതിനൊപ്പം താരത്തിന്റെ പക്കൽ പുലിപ്പല്ല് ഘടിപ്പിച്ച മാല കണ്ടെത്തുകയും വിഷയം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തത് പുതിയ കേസിന് വഴിയൊരുക്കിയിരുന്നു. ഇത് വേടന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും തെളിവെടുപ്പിലേക്കുമെല്ലാം നയിച്ചു. സ്വാഭാവിക നടപടി മാത്രമാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇടതുകോണുകളിൽ നിന്നുതന്നെ കടുത്ത വിമർശനം ഉയർന്നതോടെ മലക്കം മറിയുകയായിരുന്നു വനംമന്ത്രി. വേടനെതിരെ വനംവകുപ്പ് നടപടിയെടുത്തത് അതിവേഗമാണെന്ന് വനംമന്ത്രി തന്നെ സമ്മതിച്ചു. ഈ നടപടികളിൽ സമൂഹത്തിന് ആശങ്കയുണ്ടെന്ന നിരീക്ഷണത്തോടെയാണ് മന്ത്രി പുതിയ നിലപാട് അറിയിച്ചത്. മോഹൻലാലിനും സുരേഷ് ഗോപിക്കും ലഭിച്ച നീതി വേടന് ലഭിച്ചില്ലെന്നുപറഞ്ഞ വനംമന്ത്രി വേടനെതിരെ വനംവകുപ്പ് സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കുമെന്നാണ് അറിയിച്ചത്.
അതേസമയം വേടൻ വിഷയത്തിൽ സിപിഎമ്മിന്റെ മലക്കം മറിച്ചിൽ വനംവകുപ്പിന് അതൃപ്തിയുണ്ടാക്കിയെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുവെന്നാണ് വിലയിരുത്തൽ. വേടനെതിരെ വേട്ടയാടൽ നടന്നുവെന്ന സിപിഎമ്മിന്റെ നിലപാടിലാണ് വനംവകുപ്പിന് അതൃപ്തി. നടപടിയിൽ വനംവകുപ്പ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.