ഇസ്ലാമാബാദ്: ഇന്ത്യ ഏത് നിമിഷവും തിരിച്ചടിക്കുമെന്ന ഭയത്തിനിടെ, പാക് ഐഎസ്ഐ മേധാവിക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അധിക ചുമതല നൽകി പാകിസ്താൻ. ലെഫ്റ്റനന്റ് ജനറൽ മൊഹമ്മദ് അസിം മാലിക്കിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തുവന്നതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ചുമതലയും ഒരാൾക്ക് നൽകുന്നതിലൂടെ രാജ്യം കൂടുതൽ സുരക്ഷിതമാകുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടൽ.
2024 സെപ്റ്റംബറിലാണ് മൊഹമ്മദ് അസിം മാലിക്ക് രഹസ്യാന്വേഷണ ഏജൻസിയുടെ തലവനായത്. പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ കനത്ത പരിഭ്രാന്തിയിലും ആശങ്കയിലുമാണ് പാകിസ്താൻ. ഇതി തുടർച്ചയാണ് ഇസ്ലാമബാദിന്റെ പുതിയ തീരുമാനവും. ചാരസംഘടനയുടെ തലവനെ സുരക്ഷാ ഉപദേഷ്ടാവാക്കുന്ന ഏകരാജ്യമാണ് പാകിസ്താൻ എന്നാണ് റിപ്പോർട്ട്















