തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ സംസ്ഥാനത്തെ സിൻഡിക്കേറ്റംഗങ്ങൾക്ക് പരിചയപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച ശില്പശാലയിൽ ഗവർണർക്കെതിരായ പരാമർശം വാക്കേറ്റത്തിനിടയാക്കി. ‘ഹയർ എഡ്യൂക്കേഷൻ ട്രാൻസ്ഫർമേഷൻ ആൻ്റ് ഗവേണൻസ് ‘ എന്ന വിഷയത്തിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശില്പശാലയിലേക്ക് സംസ്ഥാനത്തെ സിൻഡിക്കേറ്റംഗങ്ങളെയാണ് ക്ഷണിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരിധിയിലുള്ള എട്ട് സർവകലകളിൽ നിന്ന് 55 സിൻഡിക്കേറ്റംഗങ്ങൾ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, ഡിജിറ്റൽ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
രണ്ടാം ദിവസമായ ബുധനാഴ്ചത്തെ ആദ്യ സെഷനിൽ ‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളും സർവകലാശാലാ നിയമങ്ങളും’ എന്ന വിഷയത്തിലെ പ്രഭാഷണത്തിനിടയിലാണ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) മുൻ വൈസ് ചാൻസലർ ഡോ. എൻ കെ ജയകുമാർ ഗവർണർക്കെതിരായ പരാമർശങ്ങൾ നടത്തിയത്. സർവകലാശാലാ നിയമ പരിഷ്കാര കമ്മീഷന്റെ ചെയർമാൻ കൂടിയായ ഡോ. എൻ കെ ജയകുമാറിന്റെ നിർദേശങ്ങളാണ് സർക്കാർ ഈയിടെ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി ബില്ലിനാധാരമായത്. ഈ നിയമ ഭേദഗതി സംബന്ധിച്ച് സംസാരിക്കവേയാണ് സർവകലാശാലാ ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരാനാണ് താൻ നിർദേശിച്ചതെന്നും സംസ്ഥാനത്തിന്റെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഒരു പണിയും ചെയ്യാതിരിക്കുന്ന ഗവർണർ ചാൻസലറുടെ ഒപ്പിടുന്ന പണിയെങ്കിലും ചെയ്യട്ടെ എന്നാണിതിലൂടെ താൻ ഉദ്ദേശിച്ചതെന്നും പറഞ്ഞത്. ഗവർണർ പദവി വേണ്ടെന്ന് ഭരണഘടനാ നിർമ്മാണ സഭയിൽ തന്നെ ആവശ്യമുയർന്നതാണെന്നും ഗവർണർമാരായി നിയമിതരാകുന്നവർ യാതൊരു യോഗ്യത ഇല്ലാത്തവരാണെന്നും അദ്ദേഹം വിശദീകരിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകളിലെ കാലതാമസം സംബന്ധിച്ച് തമിഴ്നാട് സർക്കാർ നൽകിയ കേസിൽ സുപ്രീം കോടതിയിലെ രണ്ടംഗ ബഞ്ച് ഈയിടെ പുറപ്പെടുവിച്ച വിധി വളരെ മികച്ച വിധിയാണെന്നും കേരളത്തിന്റെ കേസിലും സമാന വിധി പ്രതീക്ഷിക്കുന്നെന്നും കൂടി ഡോ. എൻ കെ ജയകുമാർ പറഞ്ഞു.
ഇതോടെ ഗവർണർ നാമനിർദേശം ചെയ്ത സിൻഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാർ ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ നോമിനിയായ ഗവർണർ ഭരണഘടനയുടെ കാവലാളാണെന്നും ഗവർണർക്കെതിരായ പരാമർശങ്ങൾ അനുചിതമാണെന്നും അവർ ചൂണ്ടിക്കാട്ടി. ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി സംബന്ധിച്ച സുപ്രീം കോടതി വിധി പാർലമെൻ്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന കാര്യം അവർ ചൂണ്ടിക്കാണിച്ചു. ഇതേത്തുടർന്നുണ്ടായ വാഗ്വാദത്തിനിടയിൽ ഇടതനുകൂല സിൻഡിക്കേറ്റംഗങ്ങളുടെ ‘മണ്ടൻ’ പരാമർശവും വാക്കേറ്റത്തിനിടയാക്കി . വാക്കേറ്റത്തിനൊടുവിൽ ചോദ്യോത്തരങ്ങൾ ഒഴിവാക്കി സെഷൻ വേഗം അവസാനിപ്പിച്ചു. സമാപന സഭയിലെത്തേണ്ട മന്ത്രിയും എത്താതെ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.