രാമനഗര: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരൻ മുൻ എംപി ഡി കെ സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ച സ്ത്രീ അറസ്റ്റിൽ. ഡി.കെ. സുരേഷിന്റെ ഫോട്ടോയ്‌ക്കൊപ്പം തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേർത്താണ് യുവതി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പങ്കുവച്ചത്. ഡി.കെ. സുരേഷിനെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം നടക്കുന്നുണ്ടെന്ന് അഭിഭാഷകൻ പ്രദീപ് പരാതിപ്പെട്ടിരുന്നു. തുടർന്ന് സ്ത്രീക്കെതിരെ രാമനഗര പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു .
ഡി.കെ.യുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കനകപുര താലൂക്കിലെ ദൊഡ്ഡലഹള്ളി ഗ്രാമത്തിൽ നിന്നുള്ള പവിത്ര എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. പവിത്ര മൈസൂരിൽ ഒരു സർക്കാർ സ്കൂൾ അധ്യാപികയായി ജോലി ചെയ്യുകയാണ് . വിവാഹമോചനം നേടിയ അവർ ഇപ്പോൾ മൈസൂരിലാണ് താമസിക്കുന്നത്. മൈസൂരിൽ വെച്ച് അയൽക്കാരുടെ ശല്യം കാരണം ആളുകൾ താൻ ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് കരുതാൻ വേണ്ടിയാണ് അങ്ങിനെ അവകാശപ്പെടുന്ന ഒരു വീഡിയോ നിർമ്മിച്ച് പങ്കുവെച്ചത് എന്ന് അവർ പോലീസിനോട് സമ്മതിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
നേരത്തെ ഡി കെ സുരേഷിന്റെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ബംഗളുരു നഗരത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് 8.41 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഐശ്വര്യ ഗൗഡ എന്ന സ്ത്രീ അറസ്റ്റിലായിരുന്നു.















