കോഴിക്കോട്: നഗര മദ്ധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ അതിക്രമത്തിൽ നിന്നും 15കാരി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. പ്രതികൾ ചെറിയ ഇടവഴിയിലേക്ക് വലിച്ചിഴയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി അലറി വിളിച്ച് കുതറി ഓടുകയായിരുന്നു.
ബിഹാർ കിഷൻഗഞ്ച് സ്വദേശികളായ ഇമാൻ അലി, ഫൈസാൻ അൻവർ എന്നിവരെ കസബ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്തെ സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പെൺകുട്ടി നിലവിളിക്കുന്നതും ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കഴിഞ്ഞ തിങ്കളാള്ച വൈകുന്നേരം ഏഴരയോടെയാണ് ചാലപ്പുറത്താണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് ഉപദ്രവിക്കാനുള്ള ശ്രമം. ശബ്ദം പോലും പുറത്ത് കേൾക്കാൻ പറ്റാത്ത തരത്തിലേക്കുള്ള ഇടവഴിയിലേക്കാണ് ഇവർ പെൺകട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചത്.
പെൺകുട്ടിയെ വലിച്ചിഴയ്‌ക്കുന്നതിന് ഇടയിൽ പ്രതിയുടെ ചെരിപ്പ് ഊരിപ്പോയിരുന്നു. ഇതാണ് പ്രതികളിൽ എത്താൻ പൊലീസിന് തുണയായത്. ചെരുപ്പിൽ സിമന്റ് ഒട്ടിപ്പിടിച്ചിരുന്നു. ഇതോടെ കെട്ടിട നിർമ്മാണ തൊഴിലാളിയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടുകയായിരുന്നു.















