തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളെ കുറിച്ച് അക്കമിട്ട് പറഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം യാഥാർത്ഥ്യമാക്കാൻ വേണ്ടത് ഭാവിയെ മുന്നിൽക്കണ്ടുള്ള അടിസ്ഥാനസൗകര്യ വികസനമാണെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് നടക്കാനിരിക്കെയാണ് പോസ്റ്റ്.
“പതിറ്റാണ്ടുകൾ മാറിമാറി ഭരിച്ച കോൺഗ്രസ്- ഇടത് സർക്കാരുകൾക്ക് സാധ്യമാകാത്ത അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വെറും പത്ത് വർഷം കൊണ്ട് കേരളത്തിൽ സാധ്യമാക്കിയത്. ഭാവിക്ക് അനുയോജ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ മാത്രമേ നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിയൂ”.
“നിക്ഷേപങ്ങൾ വന്നാൽ മാത്രമേ സാമ്പത്തിക മേഖല സജീവമാവുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യൂ. ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേകൾ, വ്യാവസായിക ഇടനാഴികൾ തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തി, ഭാവിയെ മുന്നിൽക്കണ്ടൊരു കേരളത്തെ കെട്ടിപ്പടുക്കുകയാണ് എൻഡിഎ സർക്കാർ”- രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗിനായി കഴിഞ്ഞ ദിവസം രാത്രിയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്.















