തിരുവനന്തപുരം: ഇൻഡി മുന്നണിയിലെ പ്രധാനിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശശി തരൂരും ഇവിടെയുണ്ട്. ഈ ചടങ്ങ് ഇൻഡി മുന്നണിയിലെ പലരുടേയും ഉറക്കം കെടുത്തുമെന്ന് മോദി പറഞ്ഞു. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഇൻഡി മുന്നണിയെക്കുറിച്ചുള്ള പരാമർശം പ്രധാനമന്ത്രി നടത്തിയത്. ഇതോടെ വേദിയിൽ ചിരിപടരുകയും ചെയ്തു.
സ്വാതന്ത്ര്യം നേടുന്നതിന് ഏറെ കാലം മുൻപ് ആയിരക്കണക്കിന് വർഷത്തോളം നമ്മുടെ രാഷ്‌ട്രം സമൃദ്ധമായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ആഗോള ജിഡിപിയുടെ മുഖ്യപങ്കും വഹിച്ചിരുന്നതും ഇന്ത്യയായിരുന്നു. നമ്മുടെ മാരിടൈം കപ്പാസിറ്റി, ഇക്കണോമിക് ആക്ടിവിറ്റി എന്നിവയിൽ ഇപ്പോൾ കേരളം വഹിക്കുന്ന പങ്ക് മഹത്തരമാണ്.
മുൻകാലങ്ങളിൽ കേരളത്തിലുള്ളവർ അറബിക്കടലിലൂടെയാണ് ലോകവ്യാപാരങ്ങൾക്കായി പോയിരുന്നത്. ഇവിടെ നിന്ന് കപ്പലുകൾ പോവുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ശക്തിയായ ഈ ചാനലിനെ കൂടുതൽ ശാക്തീകരിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇന്ത്യയുടെ കോസ്റ്റൽ സ്റ്റാറ്റസ്, പോർട്ട് സിറ്റികൾ എന്നിവ വികസിത ഭാരത സങ്കൽപ്പത്തിന്റെ പുരോഗതിക്ക് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനന്തപദ്മനാഭന്റെ മണ്ണിലേക്ക് ഒരിക്കൽ കൂടി വരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















