തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാവിലെ 10.20 ഓടെ വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖം നടന്ന് കണ്ടതിന് ശേഷമാണ് പരിപാടി നടക്കുന്ന വേദിയിലേക്ക് എത്തിയത്.
ആർപ്പുവിളികളോടെ ജനങ്ങൾ മോദിയെ വേദിയിലേക്ക് വരവേറ്റു. കേരളത്തിന്റെ പാരമ്പരാഗത വസ്ത്രമായ കസവ് മുണ്ടും കുർത്തയും ധരിച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തിയത്.
എംഎസ് സിയുടെ കൂറ്റൻ കപ്പലിനെ പ്രധാനമന്ത്രി സ്വീകരിക്കും. നൂറ് കണക്കിന് ആളുകൾ ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തി. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് വിഴിഞ്ഞം തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്.















