ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാഗമായി കേദർനാഥിന്റെ ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കവാടം തുറന്നത്. 12,000 ത്തിലധികം തീർത്ഥാടകരാണ് രാവിലെ ക്ഷേത്രത്തിൽ എത്തിയത്. യമുനോത്രി, ഗംഗോത്രി ധാമുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. മെയ് നാലിനായിരിക്കും ബദരിനാഥ് ധാമിന്റെ കവാടം തുറക്കുക.
റോസാപ്പൂക്കളും ജമന്തി പൂക്കളും കൊണ്ട് അതിമനോഹരമായാണ് കേദർനാഥ് ക്ഷേത്രകവാടങ്ങൾ അലങ്കരിച്ചിരുന്നത്. നേപ്പാൾ, തായ്ലൻഡ്, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന പൂക്കളാണ് അലങ്കരിക്കാൻ ഉപയോഗിച്ചത്. രാവിലെ അഞ്ച് മണിമുതൽ പൂജകൾ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും പൂജയിൽ പങ്കെടുത്തു.
ചാർധാം യാത്രയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നുണ്ട്. തീർത്ഥാടകർക്കുള്ള നിർദേശങ്ങളും മുന്നറിയിപ്പുകളും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഏതെങ്കിലും രോഗത്തിന് ചികിത്സയിലുള്ളവർ മരുന്നുകൾ കർശനമായും കരുതണമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പുഷ്കർ സിംഗ് ധാമി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തീർത്ഥാടകരുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകുമെന്നും ഒരാൾക്ക് പോലും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.