തിരുവനന്തപുരം: വിഴിഞ്ഞം തുറമമുഖത്തിന്റെ ഉദ്ഘാടനവേദിയിൽ ചിരിപടർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. ഗുജറാത്തിലെ ജനത അദാനിയോട് പിണങ്ങുമെന്ന മോദിയുടെ പരാമർശമാണ് പ്രസംഗം കേട്ടിരിക്കുന്നവർക്കിടയിൽ ചിരി പടർത്തിയത്. മുന്ദ്രയേക്കാൾ ക്ഷമതയുള്ള വൻ തുറമുഖം കേരളത്തിന് നൽകിയ അദാനിയോട് ഗുജറാത്തിലെ ജനത പിണങ്ങുമെന്നായിരുന്നു മോദിയുടെ വാക്കുകൾ.
അദാനി വളരെ വേഗത്തിൽ നമ്മുടെ വിഴിഞ്ഞം പോർട്ടിന്റെ നിർമാണം പൂർത്തിയാക്കി. കഴിഞ്ഞ 30 വർഷമായി ഗുജറാത്തിൽ അദാനിയുടെ തുറമുഖം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത്രയും വലിയ തുറമുഖം അദ്ദേഹം നിർമിച്ചത് കേരളത്തിലെ വിഴിഞ്ഞത്തിനുവേണ്ടിയാണ്. അതിനാൽ ഗുജറാത്തിലെ ജനങ്ങളുടെ പരാതി അദ്ദേഹം ഇനി കേൾക്കേണ്ടി വരുമെന്നായിരുന്നു മോദി പറഞ്ഞത്.
(ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖവും ഏറ്റവും വലിയ വാണിജ്യ തുറമുഖവുമാണ് മുന്ദ്ര. ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്രയ്‌ക്ക് സമീപം കച്ച് ഉൾക്കടലിന്റെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.)