ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് വ്യക്തമാക്കി എൻഐഎ റിപ്പോർട്ട്. ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും പാക് സൈന്യവും നടത്തിയ ഗൂഢാലോചനയാണ് ഭീകരാക്രമണമെന്ന് എൻഐഎ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം ലഷ്‌കർ-ഇ-തൊയ്ബ ആസ്ഥാനത്ത് വെച്ചാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്. പിഒകെയിൽ നിന്നും ഭീകരർക്ക് സഹായം ലഭിച്ചിരുന്നു. പാക് പൗരന്മാരായ ഹാഷ്മി മൂസ, അലി ഭായ് അഥവാ തൽഹ ഭായ് എന്നീ രണ്ട് ഭീകരരുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്.
ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി. പ്രാദേശിക സഹായം ഇതിനായി ലഭിച്ചിരുന്നു. ഓവർ ഗ്രൗണ്ട് വർക്കേഴ്സ് (OGWs) എന്ന ശൃംഖലയുടെ സഹായത്തോടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നത്.
ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മേഖലയിൽ സാറ്റലൈറ്റ് ഫോണിന്റെ പ്രവർത്തനം സജീവമായിരുന്നു. ബൈസാരനിലും പരിസരത്തും ചുരുങ്ങിയത് മൂന്ന് സാറ്റലൈറ്റ് ഫോണുകളെങ്കിലും പ്രവർത്തിച്ചിരുന്നു. രണ്ടിൽ നിന്നുള്ള സിഗ്നലുകൾ എൻഐഎ കണ്ടെത്തി വിശകലനം ചെയ്തിട്ടുണ്ട്.
എൻഐഎയും സുരക്ഷാ ഏജൻസികളും ചേർന്ന് ഇതുവരെ 2,800-ലധികം പേരെ ചോദ്യം ചെയ്തു. 150-ലധികം പേരാണ് കസ്റ്റഡിയിലുള്ളത്. നിരോധിത സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമിയുമായും ഹുറിയത്ത് കോൺഫറൻസുമായും ബന്ധമുള്ളവരും കസ്റ്റഡിയിലുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് എൻഐഎ ഡിജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.















