ന്യൂഡൽഹി: അമേരിക്കയിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽ നിർമിച്ചവയാകുമെന്ന് ആപ്പിൾ. അമേരിക്ക താരിഫ് യുദ്ധം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ ആദ്യ പാദം അവസാനിക്കുന്ന ജൂണിൽ പ്രതീക്ഷിക്കുന്ന വ്യാപാരത്തെക്കുറിച്ചാണ് ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കിയത്.
ജൂൺ അവസാനിക്കുമ്പോഴേക്കും യുഎസിൽ വിതരണം ചെയ്യുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽ നിർമിച്ചതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടിം കുക്ക് പറഞ്ഞു. യുഎസിൽ എത്തിക്കുന്ന ഐപാഡുകൾ, മാക്, ആപ്പിൾ വാച്ച്, എയർപോഡ്സ് തുടങ്ങിയ ആപ്പിൾ ഉത്പന്നങ്ങളുടെ നിർമാണ കേന്ദ്രം വിയറ്റ്നാം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ആദ്യ പാദത്തിലെ ലാഭം പ്രതീക്ഷിച്ചതിനേക്കാൾ മുകളിലാണെങ്കിലും യുഎസ് ഏർപ്പെടുത്തിയ താരിഫ് കമ്പനിയുടെ ചെലവിനെ ബാധിക്കുകയും തൽഫലമായി സപ്ലൈ ചെയിൻ ബാധിക്കപ്പെടുകയും ചെയ്യുമെന്ന് ആപ്പിൾ സിഇഒ വ്യക്തമാക്കി. യുഎസ് താരിഫ് ഏർപ്പെടുത്തിയതുവഴി ഏപ്രിൽ-ജൂൺ പാദത്തിൽ 900 മില്യൺ ഡോളർ അധിക ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















