ന്യൂഡൽഹി: സർജിക്കൽ സ്‍ട്രൈക്ക് ഭയന്ന് പാക് അധിനിവേശ കശ്മീരിലെ ഭീകരരെ പാകിസ്താൻ ഒഴിപ്പിച്ചു. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ലോഞ്ച് പാഡുകളിൽ ഉണ്ടായിരുന്ന ഭീകരരെയാണ് ഒളിത്താവളങ്ങളിലേക്ക് മാറ്റിയത്. ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ പരിശീലനം നൽകിയ ഭീകരരെ താമസിപ്പിക്കുന്ന സ്ഥലമാണ് ലോഞ്ച് പാഡുകൾ. അതിർത്തി മേഖലയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ലോഞ്ച് പാഡുകളിൽ നിന്ന് ഭീകരരെ പൂർണ്ണമായും ഒഴിപ്പിച്ച് പാകിസ്താനിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തൽ.
പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾക്ക് രണ്ട് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും മരുന്നും ശേഖരിച്ച് വയ്‌ക്കാനും പാക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പാക് അധീനിവേശ കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പരിശീലനം നൽകുന്നതായും റിപ്പോർട്ടുണ്ട്. സ്കൂളുകളിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. പ്രദേശത്തെ മദ്രസകളും താൽക്കാലികമായി അടിച്ചു. ഇതിൽ പല മദ്രസകളും ഭീകര പരിശീലന ക്യാമ്പുകളായിരുന്നുവെന്നാണ് വിവരം. കരയിൽ നിന്നും കരയിലേക്കുളള മിസൈൽ പരീക്ഷണം നടത്തി ഇന്ത്യയെ പ്രകോപ്പിക്കാനുള്ള ശ്രമവും പാകിസ്താൻ നടത്തുന്നുണ്ട്.
അതിനിടെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ നേടാനും പാകിസ്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അറബ് രാഷ്‌ട്രങ്ങൾ പോലും പാകിസ്താന് അനുകൂലമായി പ്രതികരിച്ചില്ല . അതേസമയം കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഭീകരർക്കായുള്ള തെരച്ചിൽ തെക്കൻ കശ്മീരിൽ തുടരുകയാണ്. ഇതിനിടെ പത്താം ദിവസം തുടർച്ചയായി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. കുപ്‍വാര, ഉറി, അഖ്നൂർ മേഖലകളിൽ വെടിവയ്പ്പ്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. . കഴിഞ്ഞ ദിവസം പിർപഞ്ചൽ മേഖലയിൽ പാരാ കമാൻഡോകളെ ഏയർ ഡ്രോപ്പ് ചെയ്തിരുന്നു. കൂടാതെ ഭീകരർക്ക് വെള്ളവും ഭക്ഷണവും ഏത്തിച്ച് നൽകിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഭീകരരെ ജീവനൊടെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് സുരക്ഷാസേന.















