ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. 2023-ൽ നടന്ന രജൗരി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഭീകരരെ എൻഐഎ ചോദ്യം ചെയ്തു. രണ്ട് വർഷമായി കശ്മീരിലെ ജയിലിൽ കഴിയുന്ന മുഷ്താഖ്, നിസാർ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ കുറ്റവാളികളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. പഹൽഗാം ഭീകരാക്രമണത്തിൽ ഏഴ് ഭീകരർക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആക്രമണം നടത്തുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തും.
നിലവിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര, ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലുള്ള കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
2023 ജനുവരി 1,2 തീയതികളിൽ രജൗരിയിലെ ഡാഗ്രി ഗ്രാമത്തിലാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.