പഹൽ​ഗാം ഭീകരാക്രമണം, പഴുതടച്ചുള്ള അന്വേഷണവുമായി NIA, രജൗരിയിൽ ആക്രമണം നടത്തിയ ഭീകരരെ ജയിലിലെത്തി ചോദ്യം ചെയ്തു

Published by
Janam Web Desk

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. 2023-ൽ നടന്ന രജൗരി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഭീകരരെ എൻഐഎ ചോദ്യം ചെയ്തു. രണ്ട് വർഷമായി കശ്മീരിലെ ജയിലിൽ കഴിയുന്ന മുഷ്താഖ്, നിസാർ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ കുറ്റവാളികളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതിന്റെ ഭാ​ഗമായാണ് ചോദ്യം ചെയ്യൽ. പഹൽ​ഗാം ഭീകരാക്രമണത്തിൽ ഏഴ് ഭീകരർക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആക്രമണം നടത്തുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തും.

നിലവിൽ പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര, ഒഡിഷ, പശ്ചിമബം​ഗാൾ എന്നിവിടങ്ങളിലുള്ള കുടുംബാം​ഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

2023 ജനുവരി 1,2 തീയതികളിൽ രജൗരിയിലെ ഡാ​ഗ്രി ​ഗ്രാമത്തിലാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Share
Leave a Comment