കൊല്ലം: ഏഴ് വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റതിന് പിന്നാലെ കുട്ടിക്ക് പേവിഷബാധയ്‌ക്കുള്ള വാക്സിൻ എടുത്തിരുന്നു. കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴാണ് ഏഴ് വയസുകാരിയെ നായ കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ഐഡിആർവി ഡോസും ആന്റീ റാബിസ് സിറവും നൽകിയിരുന്നു. മൂന്ന് തവണ ഐഡിആർവിയും നൽകി. ഇതിനിടെ കുട്ടിക്ക് പനി ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഏപ്രിൽ മാസം മാത്രം ആറ് പേർക്കാണ് പേവിഷബാധയേറ്റത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം സ്വദേശിയായ കുട്ടി പേവിഷബാധയേറ്റ് മരിച്ചിരുന്നു. മലപ്പുറം സ്വദേശിയായ സിയയാണ് മരിച്ചത്. വീടിന് സമീപത്ത് വച്ചാണ് കുട്ടിയെ നായ കടിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയും പ്രതിരോധ വാക്സിൻ നൽകുകയും ചെയ്തിരുന്നു. എന്നാൽ മുറിവ് ഉണങ്ങുന്നതിന് പിന്നാലെ കുട്ടിക്ക് പനി ബാധിച്ചു. തുടർന്നുള്ള പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.















