തിരുവനന്തപുരം: വിഴിഞ്ഞം ഉദ്‌ഘാടന വേദിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ സിപിഎമ്മിനെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കമ്മ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകനാണ് മന്ത്രി മുഹമ്മദ് റിയാസെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. പേരെടുത്ത് പറയാതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
” ഞാൻ നേരത്തെ വന്നതിലാണ് മരുമകന് സങ്കടം. പ്രവർത്തകർ 8.45 ന് വരുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അവർക്കൊപ്പമുണ്ടാകാൻ ഞാനും നേരത്തെ എത്തി. മറ്റുള്ളവർ വിഐപി ലോബിയിലേക്ക് പോയപ്പോൾ, ഞാൻ പ്രവർത്തകരെ കാണാൻ വേദിയിൽ കയറി, അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രൊജക്ടറ്റാണ് വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്തത്. അതിന്റെ ആവേശത്തിൽ പ്രവർത്തകർ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ ഞാനും മുദ്രാവാക്യം വിളിച്ചു. ഇത് കാണുമ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് വല്ലാത്തൊരു സൂക്കേടും സങ്കടവുമാണ്. ആ സങ്കടത്തിന്റെ കാരണം അറിയാൻ ഞാനൊരു ഡോക്ടറല്ല, സൈക്കോളജിസ്റ്റും അല്ല. സങ്കടത്തിന് മരുന്ന് വേണമെങ്കിൽ അദ്ദേഹം പോയി ഡോക്ടറെ കാണണട്ടെ. വരുന്നകാലത്ത് റിയാസ് കൂടുതൽ സങ്കടപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെക്കുറിച്ച് മാദ്ധ്യമങ്ങള്‍ ഇന്നലെയും ഇന്നും ചോദിച്ചു. എന്നെ ട്രോളി എന്ന് പറഞ്ഞു. എന്നെ എത്രവേണമെങ്കിലും ട്രോളിക്കോളൂ, എത്രവേണമെങ്കിലും തെറി പറഞ്ഞോളൂ, പക്ഷേ, ബിജെപി-എന്‍ഡിഎ ട്രെയിന്‍വിട്ടു. ഇനി വികസിത കേരളമാണ് ഞങ്ങളുടെ ലക്ഷ്യം. അവിടെ എത്തുന്നത് വരെ ഈ ട്രെയിന്‍ നില്‍ക്കില്ല. അതില്‍ ഇടതുപക്ഷത്തെ വോട്ടര്‍മാര്‍ക്ക് കയറണമെങ്കില്‍ കയറുക. മരുമകന് കയറണമെങ്കില്‍ കയറുക. വികസിത കേരളമാണ് ലക്ഷ്യം. അത് എത്തിയിട്ടേ ഞങ്ങള്‍ നിര്‍ത്തുകയുള്ളൂ”, ആലപ്പുഴയില്‍ ബിജെപി സംഘടിപ്പിച്ച വികസിത കേരളം കണ്‍വന്‍ഷനിൽ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.