മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2024-25 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റാദായത്തില്‍ 10 ശതമാനം ഇടിവുണ്ടായി, 18,642.59 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 20,698.35 കോടി രൂപയായിരുന്നു അറ്റാദായം.
15.90 രൂപ ലാഭവിഹിതം
അതേസമയം 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പ്രവര്‍ത്തന ലാഭം 8.83 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 31,286 കോടിയായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 15.90 രൂപ (1,590 ശതമാനം) ലാഭവിഹിതം ബാങ്ക് പ്രഖ്യാപിച്ചു. ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തിയതി മെയ് 16 ആണ്. ഈ തിയതിക്ക് മുന്‍പ് എസ്ബിഐ ഓഹരികള്‍ കൈയിലുള്ളവര്‍ക്ക് ലാഭവിഹിതം ലഭിക്കും. പേമെന്റ് തിയതി മെയ് 30 ആണ്.
2025 സാമ്പത്തിക വര്‍ഷത്തെ എസ്ബിഐയുടെ പ്രവര്‍ത്തന ലാഭം 1 ലക്ഷം കോടി രൂപ കടന്ന് 17.89 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,10,579 കോടി രൂപയിലെത്തി.
മാര്‍ച്ച് പാദത്തില്‍ ആകെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 1,28,412 കോടി രൂപയില്‍ നിന്ന് 1,43,876 കോടി രൂപയായി വര്‍ദ്ധിച്ചതായി എസ്ബിഐ പറഞ്ഞു. ഈ പാദത്തില്‍, ബാങ്ക് 1,19,666 കോടി രൂപ പലിശ വരുമാനമായി നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,11,043 കോടി രൂപയായിരുന്നു പലിശ വരുമാനം.
എന്‍പിഎ കുറഞ്ഞു
മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) നാലാം പാദത്തിലെ മൊത്തം അഡ്വാന്‍സുകളുടെ 1.82 ശതമാനമായി കുറഞ്ഞു. 2024 മാര്‍ച്ച് അവസാനം ഇത് 2.24 ശതമാനമായിരുന്നു. അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎകള്‍) 0.57 ശതമാനത്തില്‍ നിന്ന് 0.47 ശതമാനമായി കുറഞ്ഞു.
25000 കോടി രൂപ സമാഹരിക്കും
ക്യുഐപി മുഖേനയോ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വഴിയോ 2026 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കാനാണ് പദ്ധതിയെന്ന് ബാങ്ക് പ്രഖ്യാപിച്ചു.