ന്യൂഡൽഹി: ഭാരതത്തിനെതിരെ വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിന്ധുനദീജലം വഴിതിരിച്ചുവിട്ടാൽ ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. ഒരു ചാനൽ ചർച്ചയിലാണ് പാക് പ്രതിരോധമന്ത്രിയുടെ ഭീഷണി.
“പാകിസ്താനിലേക്ക് വെള്ളം എത്താതിരിക്കാൻ സിന്ധുനദീതടത്തിൽ ഡാമുകൾ നിർമിക്കാൻ ഇന്ത്യ ശ്രമിച്ചാൽ ആ ഡാമുകളെല്ലാം സൈനിക ആക്രമണത്തിലൂടെ ഞങ്ങൾ തകർക്കും. സിന്ധുനദീജലം വഴിതിരിച്ചുവിടുന്നതിന് വേണ്ടി ഇന്ത്യ എത് ശ്രമം നടത്തിയാലും അത് ആക്രമണത്തിലൂടെ നശിപ്പിക്കുമെന്നും” ഖ്വാജ ആസിഫ് പറഞ്ഞു.
പാകിസ്താന്റെ ജലപ്രവാഹം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഇന്ത്യയുടെ ഏതൊരു ശ്രമവും യുദ്ധനടപടിയായി കണക്കാക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മൂന്ന് ഘട്ടമായുള്ള നടപടികളിലൂടെയാണ് പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് പൂർണമായും അവസാനിപ്പിക്കുക. സിന്ധുനദിയുടെ എല്ലാ ജലപാതയും അടയ്‌ക്കുമെന്ന് ജലശക്തി മന്ത്രി സിആർ പട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡാമുകൾ നിർമിക്കുന്നത്.
അതേസമയം, പാകിസ്താനിലേക്കുള്ള സിന്ധു നദീജലത്തിന്റെ ഒഴുക്ക് ഇന്ത്യ കുറച്ചിട്ടുണ്ട്. സിന്ധുനദിയിലെ ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ലെന്ന് ജലശക്തി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പാക് മന്ത്രിമാരുടെ പരിഭ്രാന്തി ഭീഷണിസ്വരത്തിലൂടെ പ്രകടിപ്പിക്കുന്നത്. നിലവിൽ സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.















