എറണാകുളം: ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതിയും യുവഡോക്ടറുമായ കാർത്തിക പ്രദീപിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന്. ക്വട്ടേഷൻ സംഘങ്ങളുമായും കാപ്പാ കേസിൽ ഉൾപ്പെട്ട കൊടും ക്രിമിനലുകളുമായും കാർത്തികയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങുകയും ഈ പണം ഇടപാടുകാർ തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നതുമാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഇതിനായി ക്രിമിനൽ കേസ് പ്രതികളെയാണ് കാർത്തിക ഉപയോഗിച്ചിരുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ സഹായവും ലഭിച്ചിരുന്നു. പണം തിരികെ ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന കാർത്തികയുടെ കോൾ റെക്കോർഡുകൾ നേരത്തെ പുറത്തുവന്നിരുന്നു.
സോഷ്യൽമീഡിയയിൽ സജീവമായ കാർത്തികയുടെ എംബിബിഎസ് ബിരുദം സംബന്ധിച്ചും നിരവധി സംശയങ്ങളുണ്ട്. യുക്രെയ്നിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയെന്നാണ് കാർത്തിക പറഞ്ഞിരുന്നത്. ഇത് പൊലീസ് അന്വേഷിച്ചുവരികയാണ്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സ്വദേശിയായ കാർത്തികയെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനിയിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്. നിരവധി സ്ത്രീകളിൽ നിന്നും കാർത്തിക പണം തട്ടിയിട്ടുണ്ട്. കൊച്ചിയിൽ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൾട്ടൻസി എന്ന സ്ഥാപന ഉടമയാണ് പ്രതി.















