പരാഗിന്റെ ഒറ്റയാൾ പോരാട്ടത്തിനും ശുഭം ദുബെയുടെ കാമിയോക്കും കൊൽക്കത്ത ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായില്ല. ഒരു റൺസിനാണ് രാജസ്ഥാൻ ഒൻപതാം തോൽവി വഴങ്ങിയത്. മുൻനിരയിൽ പരാഗും ജയ്സ്വാളും ഒഴികെയുള്ളവർ നിരാശപ്പെടുത്തിയ മത്സരം അത്യന്തം ആവേശഭരിതമായിരുന്നു. വൈഭവ് അരോറ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്താണ് വിധി നിർണയിച്ചത്. ആദ്യ ഇന്നിംഗ്സിൽ കൊൽക്കത്തയ്ക്ക് നിർണായകമായത് സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന ആന്ദ്രെ റസലിന്റെ നിർണായക പ്രകടനമാണ്. 25 പന്തിൽ 57 റൺസടിച്ച റസലും 6 പന്തിൽ 19 റൺസ് നേടിയ റിങ്കുവുമാണ് കൊൽക്കത്തയ്‌ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. വൈഭവ് സൂര്യവംശി 4 റൺസുമായി പുറത്തായി. മൂന്നാം ഓവറിൽ കുനാൽ സിംഗിനെയും(0) കൂടാരം കയറ്റി കൊൽക്കത്ത നിലപാട് വ്യക്തമാക്കി. എന്നാൽ ക്രീസിൽ ഒന്നിച്ച പരാഗ്(45 പന്തിൽ 95) – ജയ്സ്വാൾ(34) സഖ്യം 38 പന്തിൽ 51 റൺസ് ചേർത്ത് കൂട്ടത്തകർച്ച ഒഴിവാക്കി.
എന്നാൽ ജയ്സ്വാൾ പുറത്തായതിന് പിന്നാലെ ധ്രുവ് ജുറേലിനെയും വാനിന്ദു ഹസരംഗയെയും ഓരേ ഓവറിൽ ഡക്കാക്കിയ ചക്രവർത്തി കൊൽക്കത്തയ്‌ക്ക് കടിഞ്ഞാൺ നൽകി. എന്നാൽ പരാഗും ഹെറ്റ്മെയറും(29) ചേർന്ന് രാജസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും വിൻഡീസ് താരത്തെ പുറത്താക്കി ഹർഷിത് റാണ കൊൽക്കത്തയ്‌ക്ക് മേൽക്കൈ നൽകി. 18-ാം ഓവറിൽ പരാഗിനെയും പുറത്താക്കിയ റാണ മത്സരം വീണ്ടും തിരിക്കുകയായിരുന്നു.എന്നാൽ അവസാന ഓവറിൽ തകർത്തടിച്ച ശുഭം ദുബെ പ്രതീക്ഷ നൽകിയെങ്കിലും ജയത്തിനരികിൽ വീഴുകയായിരുന്നു. അവസാന ഓവറിൽ 22 റൺസ് വേണ്ടിയിരുന്നപ്പോൾ രാജസ്ഥാന് നേടാനായത് 20 റൺസായിരുന്നു. ദുബെ 14 പന്തിൽ 25 റൺസ് നേടി.