ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങളുടെയും പാക് സൈന്യത്തിന്റെ തുടർച്ചയായുള്ള വെടിനിർത്തൽ കരാർ ലംഘനത്തിന്റെയും പശ്ചാത്തലത്തിൽ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരും. അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ ഇരുരാജ്യങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയായാണ് യുഎൻ സുരക്ഷാസമിതി യോഗം നടക്കുക.
അഭിപ്രായങ്ങൾ തുറന്നുപറയാനും സംഘർഷാവസ്ഥ ലഘൂകരിക്കാനും യോഗം സഹായിക്കുമെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഗ്രീസ് പ്രതിനിനിധിയും സുരക്ഷാ കൗൺസിലിന്റെ പ്രസിഡന്റുമായ ഇവാഞ്ചലോസ് സെക്കറിസ് പറഞ്ഞു. ഭീകരത എവിടെ നടന്നാലും ഞങ്ങൾ ശക്തമായി അപലപിക്കും. അതുപോലെ ഇന്ത്യ-പാക് അതിർത്തിയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്.
പാകിസ്താനേക്കാൾ വലുതാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വലിപ്പവും വ്യാപ്തിയും തമ്മിൽ വലിയ അന്തരമുണ്ട്. സുരക്ഷാസമിതി യോഗത്തിലൂടെ സംഘർഷങ്ങൾ കുറയ്‌ക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇരുരാജ്യങ്ങളുമായും സുരക്ഷാസമിതി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ഗ്രീക്ക് വിദേശകാര്യമന്ത്രി ജോർജ് ജെറാപെട്രിറ്റ്സുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയതായും സെക്കറിസ് പറഞ്ഞു.