ന്യൂഡൽഹി: പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറച്ച് ഇന്ത്യ. ജമ്മുവിലെ ബാഗ്ലിഹാർ ഡാമിൽ നിന്ന് ചെനാബ് നദിയിലേക്കുള്ള ജലമൊഴുക്ക് താത്ക്കാലികമായി നിർത്തിവയ്‌ക്കാനാണ് ഇന്ത്യയുടെ തീരുമാനം. കഴിഞ്ഞ ദിവസം ജലമൊഴുക്ക് കുറച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ ഇത് പൂർണമായും അവസാനിപ്പിക്കും. കശ്മീരിലെ കിഷൻഗംഗ ഡാമിൽ നിന്നുള്ള ജലമൊഴുക്ക് കുറയ്‌ക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.
സ്ഥിതിഗതികൾ പരിശോധിക്കാനും തുടർ പദ്ധതികൾ അവലോകനം ചെയ്യാനും 50-ലധികം എഞ്ചിനീയർമാരെ കശ്മിരിലേക്ക് അയച്ചു. നദികളിലെ ജലം ഇന്ത്യയിൽ തന്നെ ഉപയോഗിക്കാനുള്ള നടപടികളും സ്വീകരിക്കും. കൂടാതെ
വുളർ തടാക സംരക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കാനും തുൽബുൽ തടയണ നിർമാണം ഉടനടി തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
1960-ൽ ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്താനും സിന്ധുനദീജല കരാറിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറെ കാലമായുള്ള തർക്കവിഷയമാണ് ബാഗ്ലിഹാർ. ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് രാജ്യത്തിന്റെ ജീവരേഖയായാണ് വിശേഷിക്കപ്പെടുന്നത്. പാകിസ്താന്റെ പ്രധാന ജലസ്രോതസായിരുന്നു സിന്ധുനദീജലം.
ഭീകരവാദത്തിന് കുടപിടിക്കുന്ന പാകിസ്താന് ഒരു തുള്ളിവെള്ളം പോലും നൽകില്ലെന്ന കേന്ദ്രത്തിന്റെ നിർണായക തീരുമാനം പാകിസ്താന് വൻ തിരിച്ചടിയാണ് നൽകിയത്. ഇതിനെതിരെ പാക് മന്ത്രിമാർ പരസ്യ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ശക്തമായ നടപടിയുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ.















