ന്യൂഡൽഹി: പ്രളയത്തിനും വരൾച്ചയ്‌ക്കും ഒരു നാടിനെ മുടിക്കാം. രണ്ടും മാറിമാറി വന്നാലോ നാടിന്റെ ഗതി അധോഗതിയാകും. പാകിസ്താൻ കടന്നു പോകുന്നത് ഇത്തരം ഒരു പ്രവചനാതീതമായ സ്ഥിതിയിലൂടെയാണ്. പഹൽഗാം ഭീകരാക്രണത്തിന് ശേഷം പാകിസ്താനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിൽ നിന്നുള്ള ജലമൊഴുക്ക് ഇന്ത്യ വെട്ടിക്കുറച്ചു. ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹമാണ് താൽക്കാലികമായി നിർത്തിവച്ചത്.
ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലിൽ നിന്നുള്ള ജലമൊഴുക്ക് തടയാനും ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ജമ്മുകശ്മീരിലെ റംബാൻ ജില്ലയിലാണ് ബാഗ്ലിഹാർ പദ്ധതി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച ഉറി അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിന് പിന്നാവെ പാകിസ്താനിലെ പലയിടങ്ങളിലും പ്രളയ സമാനമായ സാഹചര്യമായിരുന്നു. അക്രമണത്തിന് പിന്നാലെ സിന്ധു നദിജലക്കരാറും ഇന്ത്യ മരവിച്ചിരുന്നു.
കാർഷിക- ജലവൈദ്യുത ഉൽപാദനത്തിനാണ് ബാഗ്ലിഹാർ അണക്കെട്ടിൽ നിന്നുള്ള ജലം പാകിസ്താൻ പ്രധാനമായും ഉപയോഗിക്കുന്നത്. ജലമൊഴുക്ക് കുറയുന്നതോടെ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിലാകും. ഒപ്പം കാർഷിക മേഖലയിലും വൻ തിരിച്ചടി നേരിടും. വെള്ളം തടയാനുള്ള ഇന്ത്യയുടെ ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. തിരിച്ചടിയിൽ നിന്നും ഒരടി പിറകോട്ടില്ലെന്ന വ്യക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യയുടെ പുതിയ നീക്കം.















