പത്തനംതിട്ട: നീറ്റ് പരീക്ഷയ്‌ക്ക് വ്യാജ ഹാൾടിക്കറ്റ് നൽകിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയായ ഗ്രീഷ്മയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിക്ക് വ്യാജ ഹാൾട്ടിക്കറ്റ് നൽകിയ കാര്യം ഗ്രീഷ്മ സമ്മതിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാൻ കുട്ടിയുടെ അമ്മ ജീവനക്കാരിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇത് മറന്നതോടെയാണ് ഗ്രീഷ്മ വ്യാജ ഹാൾട്ടിക്കറ്റ് തയാറാക്കിയത്.
അക്ഷയ സെന്ററിലെ കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുക്കും. തെളിവെടുപ്പിനായി ഗ്രീഷ്മയെ അക്ഷയസെന്ററിൽ എത്തിച്ചു. വ്യാജ ഹാൾടിക്കറ്റുമായി പത്തനംതിട്ട നഗരത്തിലെ സ്കൂളിൽ എത്തിയ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർത്ഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷ പൂർത്തിയായതിന് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ നിന്നാണ് ഹാൾടിക്കറ്റ് ലഭിച്ചതെന്ന് ഇവർ മൊഴി നൽകിയതോടെ ഗ്രീഷ്മയെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു.
നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥിയുടെ അമ്മയാണ് അക്ഷയ സെന്ററിനെ സമീപിച്ചത്. എന്നാൽ ഇവരുടെ അപേക്ഷ ജീവനക്കാരി സമർപ്പിച്ചിരുന്നില്ല. ഹാൾടിക്കറ്റ് വിതരണം തുടങ്ങിയതോടെ ഇതേ അക്ഷയ സെന്റർ വഴി അപേക്ഷ നൽകിയ മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾടിക്കറ്റ് തിരുത്തി വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ഇത് വാട്സ്ആപ്പ് വഴി മാതാവിന് അയച്ചുകൊടുത്തു.
കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കും. ആൾമാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളായിരിക്കും ചുമത്തുക.















