കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും പുക ഉയരുന്നു. അത്യാഹിത വിഭാഗത്തിലെ ആറാം നിലയിൽ നിന്നുമാണ് പുക ഉയരുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തീയറ്ററുകളും ഇതേ നിലയിലാണ് പ്രവർത്തിക്കുന്നത്. ആശങ്ക പടർന്നതോടെ മിക്ക രോഗികളെയും കൂട്ടിരിപ്പുകാർ താങ്ങിപ്പിടിച്ച് താഴെ എത്തിച്ചു. ബാക്കിയുള്ളവരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.
കഴിഞ്ഞ ദിവസം പുക ഉയർന്നതിനെ തുടർന്ന് താൽക്കാലികമായി അടച്ച കെട്ടിടത്തിലേക്ക് വീണ്ടും രോഗികളെ മാറ്റുന്നതിനിടെയാണ് വീണ്ടും സമാന സംഭവം ആവത്തിച്ചത്. അത്യാഹിതത്തെ തുടർന്ന് ഫയർഫോഴ്സിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും പരിശോധന മെഡിക്കൽ കോളജിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ബാറ്ററി റൂമിൽ നിന്നും പുക ഉയർന്നുവെന്നാണ് പ്രാഥമിക വിവരം. മതിയായ പരിശോധന നടത്താതെ കെട്ടിടത്തിന്‍റെ നാലാം നിലയിലടക്കം രോഗികളെ പ്രവേശിപ്പിച്ചത് അനാസ്ഥയാണെന്നും സുരക്ഷ ഉറപ്പാക്കാതെ വീണ്ടും കെട്ടിടം തുറന്നതും വീഴ്ചയാണെന്നുമാണ് ഉയരുന്ന ആരോപണം.
മൂന്ന് ദിവസം മുൻപ് കെട്ടിടത്തിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചിരുന്നു. രോഗികളെ മാറ്റുന്നതിനിടെ അഞ്ച് പേർ മരിച്ചെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പുക ശ്വസിച്ചത് മൂലമല്ല മരണം എന്ന് കണ്ടെത്തിയിരുന്നു. അന്ന് ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയിൽ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയിൽ നിന്ന് പുക ഉയര്‍ന്നത്.















