ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കും. പുതിയ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായുള്ള പുതിയ ബെഞ്ച് മെയ് 15 ന് കേസ് പരിഗണിക്കും.
ഈ വിഷയം ഇന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരുന്നു.
“നിങ്ങൾ എല്ലാവരും സമ്മതിക്കുകയാണെങ്കിൽ, ഞങ്ങൾ അത് ജസ്റ്റിസ് ഗവായിയുടെ ബെഞ്ചിന് മുമ്പാകെ പോസ്റ്റ് ചെയ്യും… എന്ന് കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദേശിക്കുകയായിരുന്നു.
ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ എം സിംഗ്വി എന്നിവരും ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം അംഗീകരിച്ചു.
നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നതിനാലാണ് വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിന് മാറ്റം വരുന്നത്. മെയ് 14 ന് ജസ്റ്റിസ് ഗവായ് അടുത്ത ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും.















