ന്യൂ ഡൽഹി : സുപ്രീം കോടതിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി ഹർജി സുപ്രീം കോടതി തള്ളി. കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഈ വിഷയത്തിൽ ഉത്തരവ് ഇറക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.
സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്കുമെതിരെ നടത്തിയ പരാമർശങ്ങൾക്ക് നിഷികാന്ത് ദുബെയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയാണ് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചത്.
എന്നിരുന്നാലും, ഈ വിഷയത്തിൽ ന്യായമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പിവി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
“രാജ്യത്തെ എല്ലാ ആഭ്യന്തര യുദ്ധങ്ങൾക്കും” ചീഫ് ജസ്റ്റിസ് ഖന്നയാണ് ഉത്തരവാദിയെന്ന് ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന് (എഎൻഐ) നൽകിയ അഭിമുഖത്തിൽ ദുബെ പറഞ്ഞിരുന്നു. ഇതേ വിഷയത്തിൽ ദുബെയ്‌ക്കെതിരായ മറ്റൊരു കോടതിയലക്ഷ്യ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.















