തിരുവനന്തപുരം: അടിയവറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയിലുണ്ടായ ഗുരുതര പിഴവ് മൂലം യുവതിയുടെ 9 വിരലുകൾ മുറിച്ചു മാറ്റി. യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്റെ( 31) ഇടത് കാലിലെ അഞ്ചും ഇടത് കൈയിലെ നാലും വിരലുകളാണ് മുറിച്ച് നീക്കിയത്. ആന്തരിക അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി 21 ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.
ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരെ സ്വകാര്യ ആശുപത്രിയായ കോസ്മറ്റിക്ക് ക്ലിനിക്കിലാണ് വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയ നടന്നത്. യുവതിക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടെങ്കിലും ഡോക്ടർമാർ കാര്യമാക്കിയില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് 24 ന് ക്ലിനിക്കിൽ എത്തിയെങ്കിലും അവിടെ കാര്യമായ ചികിത്സ ലഭിച്ചില്ല. രക്തസമ്മർദ്ദം കുറഞ്ഞതോടെ ക്ലിനിക്കിലെ ഡോക്ടർമാർ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് യുവതിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും ഐസിയുവിലാണെന്നുമുള്ള ഫോൺ കോളാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലായ യുവതി 21 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. നിലവിൽ വലതുകൈയും കാലും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.
വീട്ടുകാർ അറിയാതെ ആയിരുന്നു യുവതി വണ്ണം കുറയ്‌ക്കാനുള്ള ചികിത്സ തേടിയത്. വയറിലെ കൊഴുപ്പ് നീക്കുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്ന് യുവതി അച്ഛൻ ശശീധരൻ പറയുന്നു. സ്വകാര്യ ആശുപത്രിൽ ഐസിയുവിൽ ആയതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. മകളുടെ ജീവിതം തന്നെ ഇല്ലാതായി. മകൾക്ക് നാല് വയസ്സുള്ള രണ്ട് ഇരട്ടകുട്ടികളാണ്. ഇപ്പോൾ നടക്കാനോ എഴുതാനോ പറ്റുന്നില്ല. 30 ലക്ഷത്തോളം ചികിത്സയ്‌ക്ക് ചെലവായി. കുറ്റക്കാർക്കെതിരെ ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. നീതുവിന്റെ ഭർത്താവിന്റെ പരാതിയിൽ കോസ്മറ്റിക്ക് ആശുപത്രിയിലെ ഡോക്ടർ ഷൈനോൾ ശശാങ്കിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.















