ചണ്ഡീഗഢ്: പഞ്ചാബിൽ സ്ലീപ്പർ സെല്ലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി പൊലീസ്. ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിൽ പഞ്ചാബ് പൊലീസിന്റെ പ്രത്യേക സെൽ തീവ്രവാദ ഹാർഡ്‌വെയറും വെടിക്കോപ്പുകളും പിടിച്ചെടുത്തു. പഞ്ചാബിലെ സ്ലീപ്പർ സെല്ലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായി ഐഎസ്‌ഐയും അനുബന്ധ ഭീകര സംഘടനകളും സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് ഇതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ പറഞ്ഞു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ (എസ്എസ്ഒസി) കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് നടത്തിയ ഓപ്പറേഷനിൽ രണ്ട് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജി), രണ്ട് ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡി), അഞ്ച് പി-86 ഹാൻഡ് ഗ്രനേഡുകൾ, ഒരു വയർലെസ് കമ്മ്യൂണിക്കേഷൻ സെറ്റ് എന്നിവ പിടിച്ചെടുത്തതായി പഞ്ചാബ് പൊലീസ് ഡിജിപി ട്വീറ്റ് ചെയ്തു.
വളരെക്കാലം നിഷ്‌ക്രിയരായി തുടരുന്നവയാണ് ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ. ആക്രമണങ്ങൾ നടത്താനോ സജീവമായ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനോ ഉള്ള ഉത്തരവുകൾ ലഭിക്കുന്നതുവരെ പ്രാദേശിക ജനവിഭാഗങ്ങൾക്കിടയിൽ കഴിയുന്ന ഭീകരരുടെ രഹസ്യ ഗ്രൂപ്പുകളാണ്. പഹൽഗാം ആക്രമണത്തിനും ഭീകരർക്ക് ഈ സ്ലീപ്പർ സെല്ലുകളുടെ സഹായം ലഭിച്ചതായാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.