തിരുവനന്തപുരം: കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയത്. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റകരനെന്ന കണ്ടെത്തിയത്.
കേസിന്മേലുള്ള അന്തിമവാദം ഉച്ചയ്‌ക്ക് ശേഷം കേൾക്കാമെന്നും കോടതി അറിയിച്ചു. 2023 ലാണ് കേസിനാസ്പദമായ സംഭവം. ആദിശേഖർ സൈക്കിളിൽ പോകവേ പുറകെ കാറിലെത്തിയ പ്രതി പ്രിയരഞ്ജൻ കുട്ടിയെ ഇടിച്ചുവീഴ്‌ത്തി കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കുട്ടിയുടെ ശരീരത്തിലൂടെ വാഹനം മനപൂർവം ഇടിച്ചുകയറ്റിയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുകൂടിയാണ് പ്രിയരഞ്ജൻ. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്.