ജനീവ: പഹൽഗാം ഭീകരാക്രണവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഉയർത്തുന്ന വാദങ്ങൾ പൂർണ്ണമായും തള്ളി യുഎൻ സെക്യൂരിറ്റി കൗൺസിൽ. നിരപരാധി ചമയാനുള്ള ശ്രമം പാളിയെന്നും കൗൺസിൽ അംഗങ്ങളിൽ നിന്നും രൂക്ഷവിമർശനം പാകിസ്താൻ ഏറ്റുവാങ്ങിയെന്നും വാർത്ത എജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഹൽഗാമിനെക്കുറിച്ചുള്ള “തിരക്കഥ” അംഗീകരിക്കാൻ വിസമ്മതിച്ച കൗൺസിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ പാകിസ്താന് നിർദ്ദേശവും നൽകി. യുഎൻ സെക്യൂരിറ്റി കൗൺസിലും കൈവെടിഞ്ഞതോടെ അന്താരാഷ്‌ട്ര പിന്തുണ നേടാനുള്ള പാകിസ്താന്റെ അവസാന ശ്രമവും പാഴായി.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രണത്തിൽ പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബയുടെ പങ്കും ചർച്ചയായി. ലഷ്കറിന്റെ പങ്കിനെ കുറിച്ച് അംഗങ്ങൾ പാക് പ്രതിനിധിയോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവായുധത്തെ കുറിച്ചുള്ള പാക് വീരവാദത്തെ കൗൺസിൽ രൂക്ഷമായാണ് വിമർശിച്ചത്. നിരപരാധികളായ വിനോദസഞ്ചാരികളെ മതത്തിന്റെ പേരിലാണ് ലക്ഷ്യമിട്ടതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് അടിച്ചിട്ട മുറിയിലാണ് ചർച്ച നടന്നത്.
യുഎൻ സെക്യൂരിറ്റി കൗൺസിലെ പത്ത് താൽക്കാലികാംഗങ്ങളിൽ ഒന്നാണ് പാകിസ്താൻ. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയ്‌ക്കിടെ അംഗങ്ങൾ ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്തു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിഷേധിച്ചതായി ചർച്ചകൾക്ക് ശേഷം പാക് പ്രതിനിധി അസിം ഇഫ്തിഖർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അസിം ഇഫ്തിഖർ പറഞ്ഞു.