ന്യൂഡെല്‍ഹി: ആഗോള അനിശ്ചിതത്വങ്ങളും വ്യാപാര നിയന്ത്രണങ്ങളും വര്‍ദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്‌സ് ഇന്ത്യയുടെ 2025 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5% ല്‍ നിന്ന് 6.3% ആയി കുറച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ സാമ്പത്തിക അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മൂഡീസ് പറഞ്ഞു.
അതേസമയം 2026 ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.5% ആയി ഏജന്‍സി നിലനിര്‍ത്തി. 2024 ല്‍ 6.7% വളര്‍ച്ചയാണ് ഇന്ത്യന്‍ ജിഡിപി കൈവരിച്ചത്.
ദക്ഷിണേഷ്യയിലെ ഭൗമരാഷ്‌ട്രീയ അപകടസാധ്യതകള്‍ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളെ പിന്നോട്ടു വലിക്കാന്‍ സാധ്യതയുണ്ടെന്ന് മൂഡീസ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളാവും ഇതില്‍ പ്രധാനസ്ഥാനം വഹിക്കുക.
പലിശ കുറയും
ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്‌ക്കുന്നതിനായി 2025 ല്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അടിസ്ഥാന പലിശ നിരക്കുകള്‍ കൂടുതല്‍ കുറയ്‌ക്കുമെന്ന് മൂഡീസ് പ്രതീക്ഷിക്കുന്നു.
ആഗോള മാന്ദ്യം
ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് 2025-26 ല്‍ യുഎസ് നയ അനിശ്ചിതത്വം, വ്യാപാര പിരിമുറുക്കങ്ങള്‍, സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവയാല്‍ ആഗോള മാന്ദ്യം ഉണ്ടാകുമെന്ന് മൂഡീസ് പ്രവചിക്കുന്നു. ആഗോള നിക്ഷേപകരും ബിസിനസുകളും മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്‌ട്രീയ ഗതിവിഗതികളോട് പ്രതികരിക്കുന്നതിന് തങ്ങളുടെ തന്ത്രങ്ങള്‍ പുനഃക്രമീകരിക്കുന്നുണ്ടെന്ന് ഏജന്‍സി അഭിപ്രായപ്പെട്ടു. ഇത് ചെലവ് വര്‍ദ്ധിപ്പിക്കാനും നിക്ഷേപ, വിപുലീകരണ തീരുമാനങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്.
യുഎസും ചൈനയും പിന്നിലേക്ക്
ആഗോളതലത്തില്‍ മൂഡീസ് യുഎസിന്റെ ജിഡിപി വളര്‍ച്ചാ പ്രവചനങ്ങള്‍ 2025 ല്‍ 1% ഉം 2026 ല്‍ 1.5% ഉം ആയി താഴ്‌ത്തി. അതേസമയം ചൈനയുടെ വളര്‍ച്ച 2024 ല്‍ 5% ല്‍ നിന്ന് 2025 ല്‍ 3.8% ലേക്കും 2026 ല്‍ 3.9% ഉം ആയി കുറയുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു.
”നയമാറ്റങ്ങളും ഞങ്ങള്‍ മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതല്‍ തീവ്രമായ നയ അനിശ്ചിതത്വവും കാരണം ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ യുഎസിന്റെയും ചൈനയുടെയും 2025 ലെയും 2026 ലെയും ആഗോള വളര്‍ച്ചാ പ്രവചനങ്ങള്‍ ഞങ്ങള്‍ കൂടുതല്‍ കുറച്ചു.” മൂഡീസ് വ്യക്തമാക്കി.
തീരുവകളില്‍ ചില ഇളവുകള്‍ വരുത്തിയാലും, നയപരമായ അനിശ്ചിതത്വവും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളും ആഗോള വ്യാപാരത്തെയും നിക്ഷേപത്തെയും മന്ദഗതിയിലാക്കുമെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള ജി-20 സമ്പദ്വ്യവസ്ഥകളെ ഇത് ബാധിക്കുമെന്നും മൂഡീസ് മുന്നറിയിപ്പ് നല്‍കി.















