കൊച്ചി : ഭീകരാക്രമണ കേന്ദ്രങ്ങളിലെ ഭാരതത്തിന്റെ തിരിച്ചടി അഭിമാനകരമെന്ന് കാശ്മീരിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞു.
ഭീകരവാദികൾ നിരപരാധികളെ കൊന്നൊടുക്കിയപ്പോൾ ഭീകരവാദ കേന്ദ്രങ്ങൾ മാത്രം ലക്ഷ്യം വച്ച രാജ്യം കൃത്യമായ സന്ദേശമാണ് ഭീകരർക്കും, അവർക്ക് പിന്നിലുള്ളവർക്കും നൽകുന്നത്.’സിന്ദൂർ എന്ന ഏറ്റവും അനുയോജ്യമായ പേരാണ് ഓപ്പറേഷന് നൽകിയതും. സേനാ വിഭാഗങ്ങൾക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും നന്ദിയെന്നും ആരതി പറഞ്ഞു.
‘നിഷ്കളങ്കരായ ജനങ്ങളെ കൊന്നവർക്ക് ഇതുപോലെ തിരിച്ചടി നൽകണം, ഇതാണ് ഇന്ത്യ, ഇതാണ് കൃത്യമായ മറുപടി’ ആരതി കൂട്ടിച്ചേർത്തു.
“പ്രധാനമന്ത്രിയുടെ വാക്കുകളെ വിശ്വാസമായിരുന്നു, എന്റെ അമ്മയടക്കമുള്ള സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് മറുപടി നൽകിയ ഓപ്പറേഷന് ഇതിനേക്കാൾ യോജിച്ച മറ്റൊരു പേരില്ല” എന്നും സൈന്യത്തിനും സർക്കാരിനും ബിഗ് സല്യൂട്ട് എന്നും ആരതി പറഞ്ഞു.
പഹല്ഗാമി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിൽ നടത്തിയ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു ആരതി.