പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിയ ഇന്ത്യയുടെ തിരിച്ചടിയിൽ അഭിമാനമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. നമ്മുടെ സായുധ സേനയ്‌ക്കൊപ്പം ഉറച്ചുനിന്നുകൊണ്ട് സർക്കാരിന് എന്റെ അഭിനന്ദനങ്ങളെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴും തരൂർ സൈന്യത്തിന്റെ തിരിച്ചടി അഭിമാനമെന്ന് ആവർത്തിച്ചു.
ഓപ്പറേഷൻ സിന്ദൂറിനെ ശക്തവും ബുദ്ധിപൂര്‍വവുമായ തിരിച്ചടിയാണ്. പാക് സംഘർഷം കൂടുതൽ വ്യാപിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയാത്ത വിധത്തിൽ ‘നാം നമ്മുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു’. “മുൻകൂട്ടി നിർണയിച്ച്, കണക്കുകൂട്ടി കൃത്യമായ ആക്രമണമാണ് ഭീകരരുടെ കേന്ദ്രങ്ങൾക്കെതിരായി നടന്നത്. ശക്തമായും, സമർത്ഥമായും തിരിച്ചടിക്കുക എന്ന് ഞാൻ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടത് സംഭവിച്ചിരിക്കുന്നു. പ്രശ്നങ്ങൾ കൂടുതൽ വഷളാവാതിരിക്കാൻ സകലരും വിവേകത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. ജയ് ഹിന്ദ്,” അദ്ദേഹം കുറിച്ചു.















