തിരുവനന്തപുരം: വികസിത കേരളവും വിഷന്‍ അനന്തപുരിയും ലക്ഷ്യമിട്ട് തലസ്ഥാന നഗരിയില്‍ ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന് തിരി തെളിഞ്ഞു. 12 സെമിനാറുകള്‍. ചര്‍ച്ചകളും നിര്‍ദേശങ്ങളുമായി രാജ്യത്തെ പ്രഗത്ഭരും ഗവേഷകരും. ഗവര്‍ണറും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍. അറിവും വിനോദവും പകര്‍ന്ന് ഇരുന്നൂറിലേറെ എക്‌സിബിഷന്‍ സ്റ്റാളുകള്‍. നൃത്തവും സംഗീതവുമായി ചലച്ചിത്ര താരങ്ങളടക്കമുള്ള പ്രതിഭകള്‍. ഇനി അഞ്ചു നാള്‍ തിരുവനനന്തപുരത്തിന് ആഘോഷപ്പൂരം. പൂജപ്പുര മൈതാനത്തെ വേദികളിലാണ് ജന്മഭൂമി പിന്നിട്ട അന്‍പതാണ്ടിന്റെ പ്രൗഢി വിളിച്ചോതുന്ന പ്രദര്‍ശനങ്ങളൊരുങ്ങുന്നത്.
ഇന്ന് വൈകിട്ട് 5.30ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിനു തിരി തെളിക്കും. ആഘോഷ കമ്മിറ്റി ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണവും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും നടത്തും.
കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, അന്തരാഷ്‌ട്ര വോളിബോള്‍ താരവും മുന്‍ ഐജിയുമായ എസ്. ഗോപിനാഥ്, പൈതൃക പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, നഗരാസൂത്രണ വിദഗ്ധന്‍ അനില്‍കുമാര്‍ പണ്ടാല, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍, ജനം ടിവി എം. ഡി ചെങ്കല്‍ രാജശേഖരന്‍ നായര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ജി. സുരേഷ്‌കുമാര്‍, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ്‌കുമാര്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
മെയ് 11 വരെ നടക്കുന്ന ആഘോഷ പരിപാടികളില്‍ വികസിത കേരളത്തിനായുള്ള സെമിനാറുകളും അനന്തപുരിയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികളുടെ ചര്‍ച്ചകളും നടക്കും. കാര്‍ഷികം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, കായികം, അനന്തപുരിയുടെ സുസ്ഥിര വികസനം, തീവ്രവാദം, പരിസ്ഥിതി, ആരോഗ്യം, ഗതാഗതം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വിഷയങ്ങളിലായി 11 സെമിനാറുകളും ചലച്ചിത്രതാരങ്ങള്‍ അണിനിരക്കുന്ന കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
മെയ് 9ന് വൈകിട്ട് 5ന് തീവ്രവാദത്തിനെതിരേയുള്ള യുവജന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
പഹല്‍ഗാമില്‍ പാക് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റ മകള്‍ ആരതി ആര്‍. മേനോന്‍ മുഖ്യാതിഥിയായി സമ്മേളനത്തില്‍ പങ്കാളിയാകും. 10ന് വൈകിട്ട് 4.30നു ലഹരിക്കെതിരേ വനിതകള്‍ ഒത്തുചേരും.
കരസേന, നാവികസേന, എന്‍സിസി, വിഎസ്എസ്‌സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഒപ്പം വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ 200ഓളം സ്റ്റാളുകളില്‍ പ്രദര്‍ശിനിയും ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന കലാപരിപാടികളും പൂജപ്പുര മൈതാനിയില്‍ ഒരുക്കിയിട്ടുണ്ട്.
അഞ്ചു ദിവസവും വൈകിട്ട് ഏഴിനു പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമാണ്.
ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, കൃഷ്ണപ്രഭ, പിന്നണി ഗായകന്‍ ശ്രീനിവാസ്, ശരണ്യ ശ്രീനിവാസ്, മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന അനാമികയും സംഘവുമെല്ലാം ആഘോഷ രാവുകള്‍ക്ക് അഴകേറ്റും.
കരസേന, നാവികസേന, എന്‍സിസി, വിഎസ്എസ്‌സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊപ്പം വിവിധ മേഖലകളിലെ സ്ഥാപനങ്ങളും സംരംഭങ്ങളും മൈതാനത്ത് എത്തിക്കഴിഞ്ഞു. 11ലെ സമാപന സമ്മേളനത്തില്‍ ജന്മഭൂമി ലജന്‍ഡ് ഓഫ് കേരള പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്‌ക്കു സമ്മാനിക്കും. സമാപന സമ്മേളനം കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് ഉദ്ഘാടനം ചെയ്യും.















