ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കവെ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പരാമർശിച്ച പേരുകളിൽ ഒന്നാണ് സാജിദ് മിർ. പഹൽഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ലഷ്കർ ഭീകരർ സാജിദ് മിറിനെ കുറിച്ച് വിവരിച്ചത്. അന്താരാഷ്‌ട്ര തലത്തിൽ പാകിസ്താനെ പൊളിച്ചടുക്കാൻ പറ്റിയ പേരാണ് സാജിദ് മിർ. അതുകൊണ്ടാണ് ലോകം ശ്രദ്ധിക്കുന്ന പ്രസ് മീറ്റിൽ വിക്രം മിസ്രി ഈ പേര് പരാമർശിച്ചത്. ഈ ഭീകരന് വേണ്ടി ഇസ്ലാമബാദ് ലോകവേദിയിൽ നാണംകെട്ട കഥയറിയാം…
ആരാണ് സാജിദ് മിർ
ഭീകരതയോടുള്ള പാകിസ്താന്റെ സമീപനം തെളിയിക്കാൻ ഇതിലും നല്ലൊരു പേരില്ല, ഒപ്പം സംഭവവും. ‘മൊസ്റ്റ് വാണ്ടഡ് ടെററിസ്റ്റു’കളിൽ ഒരാളും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമാണ് സാജിദ് മിർ. 2008 ലെ ആക്രമണത്തിന് ശേഷം ഇയാൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി രൂപമാറ്റം വരുത്തിയതായി എഫ്ബിഐ കണ്ടെത്തിയിരുന്നു.
ലഷ്കർ ഇ തൊയ്ബയുടെ വിദേശ റിക്രൂട്ടറായിരുന്ന ഇയാൾ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ വലംകൈയായിരുന്നു. മിറും കൂട്ടാളികളായ അബു ഖഹാഫയും മഷർ ഇഖ്ബാലും അജ്മൽ കസബ് അടക്കമുള്ളവരെ തൽസമയം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു. മുസ്ലീമായ ‘ദാവൂദ് ഗിലാനി ഡേവിഡ് കോൾമാൻ ഹെഡ്‌ലി’ എന്നക്രിസ്ത്യൻ നാമം സ്വീകരിച്ചതും ഇയാളുടെ നിർദ്ദേശ പ്രകാരമായിരുന്നു.
മുംബൈ ഭീകരാക്രണത്തിന് പിന്നാലെ ഇയാൾ പാകിസ്താന്റെ കണ്ണിലുണ്ണിയായി. കൂടെ സംരക്ഷണം ഒരുക്കാൻ ഐഎസും സൈന്യവും. മുംബൈ ഭീകരാക്രണത്തിലെ പാക് ബന്ധം ഇന്ത്യ തെളിവ് സഹിതം പുറത്തുവിട്ടതോടെ സാജിദ് മിർ മരിച്ചെന്നാണ് പാക് ഭരണകൂടം നൽകിയ മറുപടി. ഇതിന് തെളിവ് ചോദിച്ചെങ്കിലും നൽകാൻ പാകിസ്താൻ വിസമ്മതിച്ചു. ഇന്റർപോൾ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും മരിച്ചെന്ന് പേരിലാണ് പാകിസ്താൻ റിപ്പോർട്ട് നൽകിയത്. എന്നാൽ പാകിസ്താനെ ലോകരാഷ്‌ട്രങ്ങൾ വിശ്വസിച്ചില്ല.
ഒടുവിൽ ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് (സാമ്പത്തിക നടപടി കർമ സമിതി) പാകിസ്താനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ പാകിസ്താൻ മലക്കം മറിഞ്ഞു. ‘മരിച്ച’ സാജിദ് മിറിനെ 2022 ഏപ്രിലിൽ ഇതേ പാകിസ്താൻ അറസ്റ്റ് ചെയ്തു . 2022 മെയ് മാസത്തിൽ പാക് തീവ്രവാദ വിരുദ്ധ കോടതി 15 വർഷം തടവിന് വിധിച്ചു. അന്താരാഷ്‌ട്ര നടപടി ഭയന്നാണ് പാകിസ്താൻ അന്ന് മിറിനെ അറസ്റ്റ് ചെയ്തത്. അതിനാൽ ഇയാൾ ഇപ്പോൾ ജയിലിൽ ആണോ അതോ ഐഎസിന്റെ സംരക്ഷണയിലാണോ എന്ന് വ്യക്തമല്ല.















