ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിനിടെ റാഫേൽ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ജെറ്റുകൾ പാകിസ്താൻ സൈന്യം വെടിവച്ചിട്ടുവെന്ന പാകിസ്താന്റെ അവകാശവാദം പൊളിച്ച് മാദ്ധ്യമങ്ങൾ. ഇതിന് വ്യക്തമായ തെളിവുകൾ പങ്കുവയ്‌ക്കാൻ പാകിസ്താനായിട്ടില്ല. സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ടല്ലോയെന്നായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ന്യായീകരണം.
സിഎൻഎന്നിന് നൽകിയ അഭിമുഖത്തിനിടെ പാകിസ്ഥാന്റെ അവകാശവാദം തെളിയിക്കാൻ എന്തെങ്കിലും തെളിവുണ്ടോ എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോഴാണ് ആസിഫ് വിചിത്രമായ പ്രസ്താവന നടത്തിയത്.
“ഇതെല്ലാം സോഷ്യൽ മീഡിയയിലാണ്, ഇന്ത്യൻ സോഷ്യൽ മീഡിയയിലാണ്, നമ്മുടെ സോഷ്യൽ മീഡിയയിലല്ല. ജെറ്റുകളുടെ അവശിഷ്ടങ്ങൾ അവരുടെ വശത്ത് വീണു. അത് ഇന്ത്യൻ മാധ്യമങ്ങളിൽ എല്ലായിടത്തും ഉണ്ട്,” മാധ്യമപ്രവർത്തകൻ തെളിവ് ആവശ്യപ്പെട്ടപ്പോൾ പാക് പ്രതിരോധമന്ത്രി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഒപ്പേറഷൻ സിന്ദൂറിൽ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകരതവളങ്ങൾ വ്യോമാക്രമണത്തിലൂടെ നശിപ്പിച്ചു. ആക്രമണവും ആളപായവും പാകിസ്താൻ അംഗീകരിച്ചു. പിന്നീട്, തകർന്നുവീണ വിമാനത്തിന്റെ പഴയതും ബന്ധമില്ലാത്തതുമായ ഒരു ഫോട്ടോ പാകിസ്താൻ സോഷ്യൽ മീഡിയ ചാനലുകൾ പങ്കുവെക്കുകയും അത് തകർന്ന റാഫേൽ വിമാനമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇന്ത്യയുടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ യൂണിറ്റ് റിപ്പോർട്ട് ചെയ്തു. ചിത്രം 2021 ലെ ഒരു അപകടത്തിൽ നിന്നുള്ളതാണെന്ന് അതിൽ പറയുന്നു.