ജയ്പൂർ: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതിർത്തികളിൽ വൻ ജാഗ്രതാ നിർദേശം. രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു. പാകിസ്താന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
അതിർത്തി സംസ്ഥാനങ്ങളിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അവധി അവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും നിർദേശമുണ്ട്. രാജസ്ഥാൻ അതീവ ജാഗ്രതയിലാണ്. രാജസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വെടിയുതിർക്കാൻ സുരക്ഷാസേനാംഗങ്ങൾക്കും പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
ജോധ്പൂർ, കിഷൻഗഢ്, ബിക്കാനീർ വിമാനത്താവളങ്ങൾ മെയ് ഒമ്പത് വരെ അടച്ചിട്ടിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും പാകിസ്താൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിലവിൽ ഏത് സാഹചര്യവും നേരിടാനായി പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുകയാണ് ഇന്ത്യൻ സൈന്യം.
കശ്മീരിലും കർശന നിർദേശം നൽകിയിട്ടുണ്ട്. 10 ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. തിരിച്ചടിക്ക് പിന്നാലെയും ഇന്ത്യൻ ചെക്ക് പോസ്റ്റുകൾക്ക് നേരെയുള്ള പാക് സൈന്യത്തിന്റെ പ്രകോപനം തുടരുകയാണ്. പിന്മാറിയില്ലെങ്കിൽ വീണ്ടും കനത്ത ആക്രമണമുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.