ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാക് ഭീകരസംഘടനയായ ജെയ്‌ഷെ-മുഹമ്മദിന്റെ ഓപ്പറേഷണൽ ഹെഡാണ് അബ്ദുൾ റൗഫ് അസർ. ‘കണ്ഡഹാർ ഐസി-814 വിമാന റാഞ്ചലിന്റെ സൂത്രധാരനും അന്താരാഷ്‌ട്ര ജിഹാദി ഗ്രൂപ്പിന്റെ പ്രധാനിയുമായ അബ്ദുൾ റൗഫ് അസ്ഹറും ഇന്ത്യ ഇല്ലാതാക്കി’, പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുരദ്കെയിലെ ആക്രമണത്തിൽ അബ്ദുൾ റൗഫ് അസറിന് ഗുരുതരമായി പരിക്കേറ്റെന്നും ആശുപത്രിയിൽ വച്ച് മരിച്ചു എന്നുമാണ് വിവരം.
ജെയ്ഷെ ആസ്ഥാനമായ ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അള്ളാഹിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ മസൂദിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. സഹോദരിയും ഭർത്താവും കൊല്ലപ്പെട്ടന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. ഇതിന് പിന്നാലെയാണ് സഹോദരനും ചാരമായി എന്ന് ഇന്ത്യ സ്ഥിരീകരിച്ചത്.
ഇന്ത്യ തേടിയ കൊടും ഭീകരനായ അബ്ദുൾ റൗഫ് അസർ 2007 ലാണ് ജെയ്ഷ്-ഇ-മുഹമ്മദിന്റെ കമാൻഡറായി ചുമതലയേറ്റത്. പാക് അധിനിവേശ കശ്മീരിൽ ഭീകര ക്യാമ്പുകളുടെ ചുമതലയായിരുന്നു അസറിന് അന്ന് മസൂദ് നൽകിയത്. പാർലമെന്റ് ഭീകരാക്രമണം മുതൽ പുൽവാമ വരെയുള്ള വിവിധ ആക്രമണങ്ങളിൽ അബ്ദുൾ റൗഫ് അസറിന് പങ്കുണ്ടെന്ന് ഏജൻസികൾ കണ്ടെത്തിയിരുന്നു. മസൂദ് അസറിന്റെ അഭാവത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ നിയന്ത്രണം അസറിനാണെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ നിഗമനം. 2010ൽ യുഎസ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
1999-ലാണ് ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചിയത്. മുഖ്യസൂത്രധാരൻ റൗഫ് അസറിന് അന്ന് പ്രായം വെറും 24 വയസ്സായിരുന്നു. അന്ന് നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ മസൂദ് അസറിനെ ഇന്ത്യയ്‌ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ എക്കാലത്തെയും വലിയ തലവേദനനായായി മസൂദ് മാറി.
പാക് അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ അകലയൊണ് ജെയ്ഷെ ആസ്ഥാനമായ സുബ്ഹാൻ അള്ളാഹ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പാക് സൈന്യത്തിന്റെ സംരക്ഷണയിലാണ് സ്ഥലം എന്നാണ് വിവരം. സാറ്റലെറ്റ് ചിത്രങ്ങളിൽ ക്യാമ്പ് ഇപ്പോൾ വെറും അവശിഷ്ട കുമ്പാരമാണ്. ഇവിടത്തെ മസ്ജിദ് ഏതാണ്ട് പൂർണ്ണമായും തകർന്നതായും കാണാം.















