ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് പ്രാഥമിക അംഗീകാരമായി ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കി ടെലികോം മന്ത്രാലയം. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്റ്റാര്‍ ലിങ്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഈ ആഴ്ച ആദ്യം പുറത്തിറക്കിയ ഇന്ത്യയുടെ കര്‍ശനമായ ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്റ്റാര്‍ലിങ്ക് അംഗീകരിച്ചതോടെയാണ് അനുമതി ലഭിച്ചത്.
മസ്‌കിന്റെ എയ്റോസ്പേസ് സ്ഥാപനമായ സ്പേസ് എക്സിന്റെ ഒരു വിഭാഗമായ സ്റ്റാര്‍ലിങ്ക്, 7,000 ല്‍ അധികം ലോ എര്‍ത്ത് ഓര്‍ബിറ്റ് (ലിയോ) ഉപഗ്രഹങ്ങളെ സംയോജിപ്പിച്ചാണ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ ഇവയുടെ എണ്ണം 40,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത ജിയോസ്റ്റേഷണറി ഉപഗ്രഹ സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ലിയോ ഉപഗ്രഹങ്ങള്‍ ഭൂമിയോട് അടുത്ത് ഏകദേശം 550 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പരിക്രമണം ചെയ്യുന്നു. ഇത് കാലതാമസം ഗണ്യമായി കുറയ്‌ക്കുകയും വിദൂര പ്രദേശങ്ങളില്‍ പോലും എച്ച്ഡി വീഡിയോ സ്ട്രീമിംഗ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് പോലുള്ള സേവനങ്ങള്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു.
നിര്‍ബന്ധിത ഇന്ത്യന്‍ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം, അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ക്ക് സമീപം ടെര്‍മിനല്‍ ഉപയോഗം നിരോധിക്കല്‍ എന്നീ വ്യവസ്ഥകള്‍ ടെലികോം മന്ത്രാലയം ഒഴിവാക്കി. നിലവിലുള്ള ടെലികോം, എഫ്ഡിഐ നിയന്ത്രണങ്ങളുമായി ഈ വ്യവസ്ഥകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവിലെ നയമനുസരിച്ച്, ഈ മേഖലയില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്.
യാത്രകളിലും തുണ
സ്ഥിര ഉപഗ്രഹ സേവനങ്ങള്‍ നല്‍കാന്‍ മാത്രം അനുമതി ലഭിച്ച യൂട്ടെല്‍സാറ്റ് വണ്‍വെബ്, ജിയോ-എസ്ഇഎസ് പോലുള്ള കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി, ജിഎംപിസിഎസ് (ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ്) ലൈസന്‍സിന് കീഴില്‍ ഇന്ത്യയില്‍ മൊബൈല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്പനിയാവും സ്റ്റാര്‍ലിങ്ക്. ഇത് യാത്രകള്‍ക്കിടെയും മികച്ച കണക്റ്റിവിറ്റി പ്രാപ്തമാക്കും. അടിയന്തര പ്രതികരണ സാഹചര്യങ്ങളിലും വിദൂര ഭൂപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന ഉപയോക്താക്കള്‍ക്കും ഇത് ഗുണകരമാവും.
ഉയര്‍ന്ന നിരക്ക് വെല്ലുവിളി
സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ 3,000 രൂപ മുതല്‍ 7,000 രൂപ വരെയാകാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, സാറ്റലൈറ്റ് ഡിഷും വൈ-ഫൈ റൂട്ടറും ഉള്‍പ്പെടുന്ന സ്റ്റാര്‍ലിങ്കിന്റെ ഉപയോക്തൃ ടെര്‍മിനല്‍ കിറ്റിന് 20,000 മുതല്‍ 35,000 രൂപ വരെയാകാമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതിമാസ നിരക്കുകള്‍ ഇന്ത്യയിലെ പരമ്പരാഗത ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളേക്കാള്‍ വളരെ കൂടുതലാണ്. സ്റ്റാര്‍ലിങ്കിന്റെ ആദ്യകാല ഉപയോക്താക്കള്‍ ബിസിനസുകള്‍, സ്ഥാപനങ്ങള്‍, സേവനം കുറഞ്ഞതോ എത്തിച്ചേരാന്‍ പ്രയാസമുള്ളതോ ആയ പ്രദേശങ്ങളിലെ താമസക്കാര്‍ എന്നിവരായിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.
വിദൂര സ്ഥലങ്ങളില്‍ നിര്‍ണായകം
ഉയര്‍ന്ന ചെലവാണെങ്കിലും ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റിക്ക് ഈ സേവനം ഒരു പ്രധാന ഘടകമാകുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഫൈബര്‍ സ്ഥാപിക്കുന്നതോ ടവറുകള്‍ നിര്‍മ്മിക്കുന്നതോ സാധ്യമല്ലാത്ത സ്ഥലങ്ങളിലാവും സ്റ്റാര്‍ലിങ്ക് ഏറെ ഗുണകരമാവുക. സര്‍ക്കാര്‍ സംരംഭങ്ങളിലൂടെയോ സബ്സിഡികള്‍ വഴിയോ പിന്തുണ ലഭിക്കുകയാണെങ്കില്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, വിദൂര ആരോഗ്യ സംരക്ഷണം, ദുരന്ത പ്രതികരണം എന്നിവയ്‌ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ മികച്ച സഹായമാകും.
‘അവര്‍ വന്നാലും ഇല്ലെങ്കിലും… അവര്‍ വളരെ ചെറിയ കളിക്കാരായിരിക്കും. നമ്മുടെ പരമ്പരാഗത മോഡലുകളേക്കാള്‍ 10 മടങ്ങ് വില കൂടുതലാണ്,’ കേന്ദ്ര ടെലികോം സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി പറയുന്നു. എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ കണക്റ്റിവിറ്റിക്ക് സ്റ്റാര്‍ലിങ്ക് ഏറ്റവും അനുയോജ്യമാണെന്നും മൊബൈല്‍ അല്ലെങ്കില്‍ നഗര ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ഇവ പകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ടെലികോം സ്ഥാപനങ്ങളുമായി സ്റ്റാര്‍ലിങ്ക് ഇതിനകം കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ പങ്കാളിത്തങ്ങള്‍ ഉറപ്പിക്കുന്നതിനും കൂടുതല്‍ നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി ഇലോണ്‍ മസ്‌ക് ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.