പട്ന: പാകിസ്താൻ ഭീകരർക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചുകൊണ്ട് മകൾക്ക് സിന്ദൂർ എന്ന് പേരുനൽകി യുവാവ്. ഓപ്പറേഷൻ സിന്ദൂർ നടന്ന ചരിത്രദിവസമാണ് ബിഹാർ സ്വദേശിയായ കുന്ദൻ കുമാറിന് മകൾ ജനിച്ചത്. ഭീകരർക്കെതിരായ നടപടിയിൽ രാജ്യമൊട്ടാകെ കയ്യടിച്ച ദിനമായിരുന്നു അത്. കുന്ദൻ കുമാറിനും അതൊരു ഇരട്ടിമധുരമുള്ള ദിവസം. പിന്നെ ഒന്നും ആലോചിച്ചില്ല രാജ്യത്തിന്റെ ഈ സുപ്രധാന ദിവസത്തിൽ പിറന്ന പൊന്നോമനയെ സിന്ദൂർ എന്ന് വിളിക്കാൻ യുവാവും തീരുമാനിച്ചു.
കുഞ്ഞിന് മറ്റൊരു പേര് ആലോചിക്കേണ്ട സാഹചര്യമുണ്ടായില്ലെന്നും ഇന്ത്യൻ സൈനികരുടെ നടപടിയിൽ അഭിമാനമുണ്ടെന്നും ബിഹാർ സ്വദേശിയായ യുവാവ് പറഞ്ഞു. പേരിന്റെ പ്രാധാന്യം ഇന്ന് അവൾ മനസിലാക്കിയില്ലെങ്കിലും ഭാവിയിൽ അവൾ അതിനെ കുറിച്ച് അറിയും മനസിലാക്കും. ഇന്ത്യൻ സൈന്യം സമീപ കാലങ്ങളിൽ നടത്തിയ ഏറ്റവും വലിയ സൈനിക നടപടിയിൽ വളരെയധികം അഭിമാനമുണ്ടെന്നും കുഞ്ഞിന് സിന്ദൂറെന്ന് പേരിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.
പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷനിൽ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു. 21 ഭീകരരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെങ്കിലും ഒമ്പത് കേന്ദ്രങ്ങളാണ് മിസൈലാക്രമണത്തിൽ സൈന്യം തകർത്തെറിഞ്ഞത്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ആക്രമണം നടത്തിയതായും വിവരമുണ്ട്.