പ്രത്യാക്രമണ ഭീതിയിൽ പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റി പിസിബി. പത്താം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിലേക്കാണ് മാറ്റിയത്. ഇന്ന് നടക്കാനിരുന്ന കറാച്ചി കിംഗ്സ് പെഷവാർ സൽമി മത്സരങ്ങളും റാവൽ പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് കറാച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യയുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കിയ പാകിസ്താൻ ആക്രമണം ഇന്ത്യ തകർക്കുകയും തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ചേർന്ന അടിയന്തര യോഗത്തിന് പിന്നാലെയാണ് വേദിമാറ്റൽ തീരുമാനമായതെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രാഞ്ചൈസി ഉടമകളുമായി നടത്തിയ ചർത്തകൾക്കൊടുവിലാണ് ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിലേക്ക് മാറ്റാൻ തീരുമാനമായത്.
അതേസമയം റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ഡ്രോൺ ആക്രമണമുണ്ടായെന്ന് ചില പാകിസ്താൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ മത്സര ക്രമം പിസിബി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി. വരുന്ന ബംഗ്ലാദേശ് പരമ്പരയിലും ഈ തീരുമാനം സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.