മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തട്ടി വ്യാഴാഴ്ച ഓഹരി വിപണി താഴേക്കിറങ്ങിയതോടെ നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടി രൂപയുടെ നഷ്ടം. ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരമായി പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചതിന്റെയും ഇന്ത്യ ഈ ആക്രമണം ഫലപ്രദമായി ചെറുത്തതിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ദലാല്‍ സ്ട്രീറ്റില്‍ പരിഭ്രാന്തി പരന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനില്‍ 423.50 ലക്ഷം കോടി രൂപയില്‍ നിന്ന് 418.10 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു.
ഉച്ചവരെ കാര്യമായി ഉയര്‍ച്ച താഴ്ചകളില്ലാതെ മുന്നോട്ടുപോയ സെന്‍സെക്‌സും നിഫ്റ്റിയും ഉച്ചക്കുശേഷം കുത്തനെ താഴേക്കിറങ്ങി. സെന്‍സെക്‌സ് 412 പോയിന്റ് താഴ്ന്ന് 80,334 ലും നിഫ്റ്റി 140 പോയിന്റ് താഴ്ന്ന് 24,273 ലും ക്ലോസ് ചെയ്തു.
‘തുടരുന്ന അനിശ്ചിതത്വം നിക്ഷേപകരെ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കുന്നു. അസ്ഥിരത കുറയുന്നതുവരെ, സ്റ്റോക്ക് തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിലെ പരിതസ്ഥിതിയില്‍ നാവിഗേറ്റ് ചെയ്യുന്നതിന് ഒരു സംരക്ഷിത തന്ത്രം നിലനിര്‍ത്താന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു,’ റെലിഗെയര്‍ ബ്രോക്കിംഗിലെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു.
ഇന്ത്യന്‍ വിപണിയുടെ അസ്ഥിരതാ സൂചികയായ ഇന്ത്യ വിക്‌സ് 10.18% ഉയര്‍ന്നു. ഇത് ഉയര്‍ന്ന അസ്ഥിരതയെ സൂചിപ്പിക്കുന്നു.
ലക്ഷ്യം, പിന്തുണ
‘ഇപ്പോള്‍ ഹ്രസ്വകാല വികാരം ദുര്‍ബലമായി കാണപ്പെടുന്നു, ഹ്രസ്വകാലത്തേക്ക് കൂടുതല്‍ തിരുത്തലിനുള്ള സാധ്യതയുണ്ട്. നിഫ്റ്റിക്ക് 23,950 ല്‍ പിന്തുണ കാണപ്പെടുന്നു; ഈ ലെവലിനു താഴേക്കിറങ്ങിയാല്‍ സൂചിക 23,450 ലേക്ക് എത്താം. മുകളിലേക്ക്, പ്രതിരോധം 24,400 ലും 24,550 ലും കാണാം.’ എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് രൂപക് ഡെ പറഞ്ഞു.
പരിഭ്രാന്തി വേണ്ട
നിലവിലെ വിപണി സാഹചര്യത്തില്‍ നിക്ഷേപകര്‍ പരിഭ്രാന്തിയിലാകരുതെന്ന് ഇന്‍ഫോമെറിക്സ് വാല്യുവേഷന്‍ ആന്‍ഡ് റേറ്റിംഗ്‌സിലെ ചീഫ് ഇക്കണോമിസ്റ്റായ മനോരഞ്ജന്‍ ശര്‍മ്മ ഉപദേശിച്ചു.
‘പരിഭ്രാന്തിയിലകപ്പെട്ട് ഓഹരികള്‍ വില്‍ക്കാതിരിക്കുക, മറിച്ച് നിക്ഷേപം തുടരുക എന്നതാണ് എന്റെ ഉപദേശം. ഇന്ത്യ മുമ്പ് നിരവധി പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്, ഇതും വ്യത്യസ്തമായിരിക്കില്ല,’ അദ്ദേഹം പറഞ്ഞു.
മിക്ക സംഭവങ്ങളും (2001 ലെ പാര്‍ലമെന്റ് ആക്രമണം ഒഴികെ) ഇടത്തരം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയിലെ പോസിറ്റീവ് റിട്ടേണുകള്‍ക്ക് കാരണമായെന്നാണ് വസ്തുത. ഉദാഹരണത്തിന്, 1999 ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷമുള്ള 12 മാസങ്ങള്‍ക്ക് ശേഷം നിഫ്റ്റി 50 ഏകദേശം 30% ഉയര്‍ന്നു, 2016 ലെ ഉറി ആക്രമണത്തിനും സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്കും ശേഷമുള്ള 12 മാസങ്ങള്‍ക്ക് ശേഷം വിപണി 15.6% ഉയര്‍ന്നു, പുല്‍വാമ ആക്രമണത്തിന് ശേഷം നിഫ്റ്റി 50 12.7% ഉയര്‍ന്നു. ആശങ്കയ്‌ക്ക് കാരണമുണ്ടെങ്കിലും, ചരിത്രപരമായി പരിശോധിക്കുമ്പോള്‍ ആശങ്കയോ ഭയമോ തോന്നേണ്ടതില്ലെന്ന് ശര്‍മ്മ പറഞ്ഞു.