ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യയോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച തുര്‍ക്കിയുടെ വിമാനക്കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് ഇന്ത്യന്‍ ട്രാവല്‍ ബ്രാന്‍ഡായ ഗോ ഹോംസ്റ്റേസ്.
പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന തുര്‍ക്കി, അസര്‍ബൈജന്‍ സര്‍ക്കാരുകള്‍ക്ക് മറുപടിയായി ഇന്ത്യന്‍ പ്ലാറ്റ്ഫോമുകള്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള ട്രാവല്‍ ലിസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ സോഷ്യല്‍ മീഡിയ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ടര്‍ക്കിഷ് എയര്‍ലൈന്‍സിനോ തുര്‍ക്കിയിലേക്കുള്ള ടൂറിസത്തിനോ വേണ്ടി ചെലവഴിക്കുന്ന ഓരോ രൂപയും നമ്മുടെ ദേശീയ താല്‍പ്പര്യത്തിന് എതിരായി നിലകൊള്ളുന്നവരെ ശക്തിപ്പെടുത്തുന്നു എന്നായിരുന്നു എക്സില്‍ വ്യാപകമായി പ്രചരിച്ച ഒരു പോസ്റ്റ്.
‘ഇന്ത്യയെ പിന്തുണയ്‌ക്കാത്ത നിലപാട് പരിഗണിച്ച് ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം ഞങ്ങള്‍ ഔദ്യോഗികമായി അവസാനിപ്പിക്കുകയാണ്… ജയ് ഹിന്ദ്,’ ഗോ ഹോംസ്റ്റേസ് എക്സിലെ ഒരു പോസ്റ്റില്‍ പ്രഖ്യാപിച്ചു. ഗോ ഹോംസ്‌റ്റേസിനെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. മേക്ക് മൈ ട്രിപ്, യാത്ര, ഈസ് മൈ ട്രിപ്, ഗോ ഐബിബോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്ലാറ്റ്ഫോമുകളെ ടാഗ് ചെയ്ത് ആളുകള്‍ സമാനമായ നടപടി ആവശ്യപ്പെട്ടു.
ഖല്‍ബാണ് പാകിസ്ഥാന്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും പ്രതികാരമായി മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ സൂക്ഷ്മമായ സൈനിക ആക്രമണത്തിന് ശേഷവും പാകിസ്ഥാനെ പരസ്യമായി പിന്തുണച്ച് തുര്‍ക്കി രംഗത്തെത്തിയിരുന്നു. തുര്‍ക്കി പ്രസിഡന്റ് റസപ് തയ്യിപ് എര്‍ദോഗന്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി സംസാരിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
സൈനിക ചരക്കുകളുമായി ആറ് തുര്‍ക്കി ഇ130 ഹെര്‍ക്കുലീസ് ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഞായറാഴ്ച പാകിസ്ഥാനില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ തുര്‍ക്കിക്കെതിരെ ജനരോക്ഷം ശക്തമായിരുന്നു. പാകിസ്ഥാനുള്ള സൈനിക സഹായവുമായാണ് വിമാനങ്ങള്‍ എത്തിയതെന്ന് അനുമാനിക്കുന്നു.
കഴിഞ്ഞവര്‍ഷം തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായി ഒരു മണിക്കൂറിനുള്ളില്‍ ഇന്ത്യയാണ് ആദ്യം ദുരിതാശ്വാസ സംഘങ്ങളെ അയച്ച് ‘ഓപ്പറേഷന്‍ ദോസ്ത്’ എന്ന് പേരിട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ന്യായം നോക്കാതെ പാകിസ്ഥാനൊപ്പം നിലകൊള്ളുന്ന നിലപാടാണ് തുര്‍ക്കി തുടര്‍ന്നുപോരുന്നത്.















