ന്യൂഡൽഹി: പാകിസ്താൻ- ഇന്ത്യ സംഘർഷങ്ങൾക്കിടെ കശ്മീർ ബാഗ്ലിഹാലിലെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ അണക്കെട്ടിന്റെ നാല് ഷട്ടറുകളാണ് തുറന്നത്. സിന്ധുനദീജല കരാർ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടിന്റെ ഷട്ടറുകൾ പൂർണമായും അടച്ചിട്ടതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തുറന്നിരിക്കുന്നത്. ഇതോടെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് വൻതോതിൽ വർദ്ധിച്ചു. കശ്മീരിൽ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.
അണക്കെട്ടിൽ നിന്ന് വെള്ളം ഇരച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിന്ധുനദീജല കരാർ റദ്ദാക്കിയതോടെയാണ് പാകിസ്താന് യാതൊരു മുന്നറിയിപ്പും നൽകാതെ അണക്കെട്ടിന്റെ ഷട്ടർ തുറന്നിരിക്കുന്നത്. നേരത്തെ ഷട്ടർ അടച്ചപ്പോഴും പാകിസ്താനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് ഷട്ടറുകൾ തുറന്നിരുന്നു.
ജല ഉടമ്പടി പ്രകാരം അണക്കെട്ടുകളുടെ ഷട്ടർ തുറക്കുമ്പോഴും അടയ്‌ക്കുമ്പോഴും ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ട്. എന്നാൽ കരാർ ഇന്ത്യ റദ്ദാക്കിയതിനെ തുടർന്നാണ് നിർണായകനീക്കം. സലാൽ അണക്കെട്ടിന്റെ ഷട്ടർ അടച്ചതോടെ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് നിലച്ചിരുന്നു. ഇതോടെ കർഷകർക്കും ഗ്രാമീണർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടായതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.















