ശ്രീനഗർ : നിയന്ത്രണ രേഖയിൽ (LoC) ഇന്ത്യൻ ആക്രമണത്തിൽ പാകിസ്താൻ സൈനിക പോസ്റ്റ് തകർക്കപ്പെടുന്നതിന്റെ ആദ്യ ദൃശ്യം വെള്ളിയാഴ്ച ഇന്ത്യൻ സൈന്യം പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഭാരത സൈന്യം ഈ വീഡിയോ പുറത്ത് വിട്ടത്.
ജമ്മു കശ്മീരിലെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്താൻ സൈന്യം രാത്രിയിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞതായി ഭാരതസൈന്യം അറിയിച്ചു . നിയന്ത്രണ രേഖയിൽ പാകിസ്താൻ സായുധ സേന നടത്തിയ വെടിനിർത്തൽ ലംഘനങ്ങൾക്ക് ഉചിതമായ മറുപടി നൽകിയതായും സൈന്യം പറഞ്ഞു. ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്താൻ സൈന്യത്തിന്റെ ശ്രമം വ്യാഴാഴ്ച രാത്രി ഇന്ത്യ നിർവീര്യമാക്കി,
ജമ്മു കശ്മീരിലെ ഉധംപൂർ, സാംബ, ജമ്മു, അഖ്‌നൂർ, നഗ്രോട്ട ,പഞ്ചാബിലെ പത്താൻകോട്ട് എന്നീ പ്രദേശങ്ങളിലേക്ക് 50-ലധികം സ്വാം ഡ്രോണുകൾ പാകിസ്താൻ വിക്ഷേപിച്ചു. ഇവയെല്ലാം വലിയ തോതിലുള്ള കൗണ്ടർ-ഡ്രോൺ ഓപ്പറേഷനിലൂടെ ഭാരത സൈന്യം നിർവീര്യമാക്കി.
“രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ട പദ്ധതികൾക്കും ശക്തമായി മറുപടി നൽകും,” എക്‌സിലെ ഒരു പോസ്റ്റിൽ സൈന്യം പറഞ്ഞു. ഇന്ത്യയിലെ വടക്കും, പടിഞ്ഞാറും ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിടാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ ഇന്ത്യൻ സായുധ സേന പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു .
ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിന് ഒരു പരിധിയും തടസ്സമാകില്ലെന്നും അത്തരം പ്രതികരണങ്ങൾക്ക് രാഷ്‌ട്രം പൂർണ്ണമായും തയ്യാറാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ എപ്പോഴും ഉത്തരവാദിത്തമുള്ള ഒരു രാഷ്‌ട്രത്തിന്റെ പങ്ക് വഹിച്ചിട്ടുണ്ടെന്നും, വലിയ സംയമനം പാലിക്കുന്നുണ്ടെന്നും, സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്നും സിംഗ് കൂട്ടിച്ചേർത്തു.