ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷങ്ങളിൽ തങ്ങൾ ഇടപെടില്ലെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ ഭാരതത്തിന്റെ സൈനിക നടപടിയെ പിന്തുണച്ച് യുഎസ് മുൻ പാന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റുബിൻ. ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് പാകിസ്താൻ എന്നും കൂട്ടുനിൽക്കുന്നതെന്നും അമേരിക്ക ഇന്ത്യയോടൊപ്പം നിസംശയം നിലകൊള്ളണമെന്നും മൈക്കൽ പറഞ്ഞു.
സ്വന്തം രാജ്യത്തെയും പൗരന്മാരെയും രക്ഷിക്കുക എന്നത് ജനാധിപത്യ രാജ്യം ഭരിക്കുന്ന ഏതൊരു നേതാവിന്റെയും പ്രഥമ ഉത്തരവാദിത്തമാണ്. ലഷ്കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള നിരവധി ഭീകരസംഘടനകളുടെ ആസ്ഥാനമാണ് പാകിസ്താൻ. ഭീകരർക്കെതിരെ നടപടിയെടുക്കാൻ പാകിസ്താൻ തയാറാകുന്നില്ല. ഇപ്പോൾ പാകിസ്താനിൽ മാത്രമല്ല, ബംഗ്ലാദേശിലും സമാന സംഭവങ്ങൾ അരങ്ങേറുന്നു. പാകിസ്താന്റെ കഴുത്ത് മുറിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും മൈക്കൽ പറഞ്ഞു.
“ഹൈന്ദവരും മുസ്ലീങ്ങളും രാജ്യത്ത് ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ച് പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പരാമർശത്തെ കുറിച്ചും മൈക്കൽ സംസാരിച്ചു. ഇന്ത്യയിൽ മുസ്ലീങ്ങളും ഹൈന്ദവരും ഒത്തൊരുമയോടെയാണ് ജീവിക്കുന്നത്. പാകിസ്താനിലെ ന്യൂനപക്ഷ സമൂഹത്തെ അവർ തന്ത്രപരമായി രാജ്യത്തിന് നിന്ന് പുറത്താക്കി”.
‘പരാജിത രാഷ്‌ട്രം’ എന്നാണ് പാകിസ്താനെ യുഎസ് മുൻ ഉദ്യോഗസ്ഥൻ വിളിച്ചത്. അഴിമതി, സമ്പദ് വ്യവസ്ഥ, സമൂഹം, നേതൃത്വം എന്നീ മേഖലകളുടെ പുരോഗതിയിൽ പാകിസ്താൻ പൂർണ പരാജയമാണ്. സർക്കാരിന്റെ പരാജയങ്ങൾ കാരണം അവർ ന്യൂനപക്ഷങ്ങൾക്ക് നേരെയാണ് തോക്ക് ചൂണ്ടുന്നത്. പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ തന്ത്രമാണിത്. എന്നാൽ ഇന്ത്യ പുരോഗതി കൈവരിക്കുകയും അവരുടെ പ്രശ്നങ്ങൾ തുറന്ന് ചർച്ച ചെയ്യുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.